ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര സെസ് തുകയില്‍നിന്ന് 47,271 കോടി വകമാറ്റിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ധനമന്ത്രാലയം.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2017 18 ലും 2018 19 ലും നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ കുടിശികയും കേന്ദ്രം നല്‍കിക്കഴിഞ്ഞതിനു ശേഷം നഷ്ടപരിഹാരം ലഭിക്കുന്നതിന് എടുത്ത കാലതാമസത്തെ തുക വകമാറ്റിയെന്ന തരത്തില്‍ വിലയിരുത്താന്‍ കഴിയില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.
കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാര സെസ് വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നത്. 42,000 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ രീതിയില്‍ പിടിച്ചുവച്ചുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിലവിലെ നിയമ പ്രകാരം ഒരു വര്‍ഷം ജിഎസ്ടി സെസ്സാസി പിരിച്ചെടുത്ത തുക ജിഎസ്ടി സെസ് ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാന നഷ്ടം നികത്താന്‍ അത് വിതരണം ചെയ്യണം. 2017 18 ല്‍ കൈമാറിയ തുകയില്‍ 6466 കോടിയുടെ കുറവുണ്ടായിരുന്നുവെന്നും തൊട്ടടുത്ത വര്‍ഷം 40,806 കോടിയുടെ കുറവുണ്ടായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ നികുതിയിനത്തിലും സെസ് ഇനത്തിലും കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന മുഴുവന്‍ തുകയും ആദ്യം കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) യില്‍ വരവുവെക്കുകയും പിന്നീട് ട്രാന്‍സ്ഫര്‍ ചെയ്യുകയുമാണ് പതിവെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. പിരിച്ചെടുത്ത ആകെത്തുക എത്രയാണെന്ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴെ വ്യക്തമാകൂ.
കണക്കാക്കപ്പെട്ടതില്‍ അധികം തുക പിരിച്ചെടുത്താന്‍ അത് സിഎഫ്ഐയില്തന്നെ നിലനിര്‍ത്തും. അതിനാല്‍ ജിഎസ്ടി സെസ് താത്കാലികമായി സിഎഫ്ഐയില്‍ നിലനിര്‍ത്തുന്നത് വകമാറ്റലായി കാണാന്‍ കഴിയില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളുടെ അവകാശവാദം. തുക വകമാറ്റിയെന്ന് സിഎജിപറഞ്ഞിട്ടില്ലെന്നും ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അവര്‍ അവകാശപ്പെട്ടു.