മുംബൈ: കളിത്തോക്കെന്ന വ്യാജേന യഥാര്‍ഥ തോക്ക് ഇറക്കുമതി ചെയ്യാന്‍ സഹായിച്ച ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്ക്കെതിരേ സി.ബി.ഐ കേസെടുത്തു. മുംബൈ എയര്‍ കാര്‍ഗോ കോംപ്ലക്സിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.എസ് പവന് ഉള്‍പ്പെടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.
2016, 2017 വര്‍ഷങ്ങളിലാണ് തട്ടിപ്പ് നടന്നത്. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചരക്ക് രേഖകളില്‍ കളി തോക്കെന്ന് രേഖപ്പെടുത്തിയാണ് തോക്കുകള്‍ ഇറക്കുമതി ചെയ്തെന്ന് എഫ്.ഐ.ആര് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
2016ല്‍ കളിത്തോക്കെന്ന വ്യാജേന 255 തോക്കുകള്‍ ബാലാജി ഓട്ടോമോട്ടീവ് ഇറക്കുമതി ചെയ്തുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. 2017 മേയിലാണ് സ്പെഷ്യല്‍ ഇന്റലിജന്‍സ് ഇതുസംബന്ധിച്ച തട്ടിപ്പ് തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കെമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികളുടെ മുംബൈ, പുണെ, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് ലക്ഷം രൂപയും ചില രേഖകളും സിബിഐ പിടിച്ചെടുത്തിയിരുന്നു. ഇതൊരു അഴിമതി കേസ് മാത്രമല്ല സുരക്ഷാ വശങ്ങളും കേസില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ അഴിമതി വിരുദ്ധ നിയമത്തിനൊപ്പം ആയുധ നിയമവും പ്രതികള്‍ക്കെതിരേ ചുമത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.