ART & CULTURELATEST

കഥകളി പഠിക്കാന്‍ നാടുവിട്ട ഗുരു ചേമഞ്ചേരി

കാരണവന്മാരുടെ സമ്മതമോ, അനുഗ്രമോ ഇല്ലാതെയാണ് ഗുരു ചേമഞ്ചേരി കുട്ടിക്കാലത്ത് കഥകളി പഠിക്കാന്‍ പോയത്. അക്കഥ ഇങ്ങനെയാണ്: ഗുരുചേമഞ്ചേരി ആദ്യം അഭിനയിച്ച വളളിത്തരുമണം എന്ന നാടകത്തിന്റെ രംഗസജ്ജീകരണം നടത്താനെത്തിയ ഗോവിന്ദമേനോന്‍ ഒരു ദിവസം ചോദിച്ചു ‘ കുട്ടികള്‍ക്കാര്‍ക്കെങ്കിലും കഥകളി പഠിക്കാന്‍ താല്‍പര്യമുണ്ടോ’ . കുട്ടിയായിരുന്ന ഗുരു ചേമഞ്ചേരിക്ക് അന്ന് കഥകളി എന്താണെന്ന് പോലും അറിയില്ലായിരുന്നു. കലയോടുള്ള അഗാധമായ അഭിനിവേശത്താലോ ജീവിതത്തിലെ ഏകാന്തത അകറ്റാനോ അദ്ദേഹം കഥകളി പഠിക്കാന്‍ തീരുമാനമെടുത്തു.
ഗോവിന്ദമേനോന്‍ ചെങ്ങോട്ടുകാവില്‍ നിന്നും പോകുന്നതിന്റെ തലേന്ന് രാത്രി കുട്ടിയായിരുന്ന ഗുരു ചേമഞ്ചേരി തന്റെ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. ഗോവിന്ദമേനോനെ ഇത് ശരിക്കും ഞെട്ടിച്ചു. കാരണവന്‍മാരുടെ സമ്മതമില്ലാതെ വരരുതെന്ന് ഉപദേശിച്ചു പറഞ്ഞയയ്ക്കാന്‍ ശ്രമിച്ചു. ചവിട്ടിയുഴിച്ചിലും മെയ്യഭ്യാസവും കടകം മറിയലും പഠിക്കണം. ശരീരം വേദനിക്കുമെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കി. കുഞ്ഞു കുഞ്ഞിരാമന്‍ നായര്‍ പിന്‍മാറിയില്ല. ഒടുവില്‍ ഗോവിന്ദ മേനോന്‍ ഒരു കാര്യം പറഞ്ഞു: ”കാരണവന്മാരുടെ സമ്മതമില്ലാതെ നിന്നെ ഇവിടെ നിന്നും കൊണ്ടു പോകില്ല. നാളെ വൈകീട്ട് തിക്കോടി റെയില്‍വെ സ്റ്റേഷനിലെത്തുക. അവിടെ വരെയുള്ള വഴിച്ചെലവിനായി നാലണ കരുതുക. ബാക്കിയെല്ലാം ഞാന്‍ നോക്കിക്കൊള്ളാം.”
ഗുരു ചേമഞ്ചേരി സഹോദരിയുടെ അടുത്തു പോയി നാലണ വാങ്ങി. ആരോടും പറയാതെ നാടുവിട്ടു. തിക്കോടി റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഗോവിന്ദ മേനോന്‍ കാത്തിരിപ്പുണ്ടായിരുന്നു. കണ്ടിരുന്നില്ലെങ്കില്‍ തിരിച്ചെങ്ങനെ പോകുമെന്ന് അറിയില്ലായിരുന്നു. കാരണം കയ്യില്‍ വേറെ പൈസയില്ലായിരുന്നു. ഗോവിന്ദമേനോനൊപ്പം കാല്‍നടയായും കടവു കടന്നും മേപ്പയൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലെത്തി. യോഗം ഉടമസ്ഥനായ സി.സി. അപ്പുകുട്ടി നമ്പ്യാരെ കണ്ടു.
കുനിയില്‍ ക്ഷേത്രത്തിലെ അഗ്രശാലയിലായിരുന്നു കഥകളി പഠനം. പാലക്കാട് സ്വദേശിയായ കരുണാകര മേനോനായിരുന്നു ഗുരുനാഥന്‍. പഠനം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് വീട്ടില്‍ നിന്നും കാണാതായ കുഞ്ഞിരാമന്‍ കഥകളി പഠിക്കുന്നെന്ന കാര്യം കാരണവന്‍മാര്‍ അറിഞ്ഞത്. രാധാകൃഷ്ണ കഥകളി യോഗത്തില്‍ കലിപൂണ്ടെത്തിയ കാരണവന്മാരെ, ശാന്തരാക്കി തിരികെ അയച്ചത് കരുണാകരമേനോനും അപ്പുകുട്ടി നമ്പ്യാരും ആയിരുന്നു. ഇരുവരും ഒരേ സ്വരത്തില്‍ ഞങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന്’ ഉറപ്പുനല്‍കിയതോടെയായിരുന്നു അത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker