കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രനാലമ്പലത്തില്‍ ദേവസ്വം മന്ത്രിയുടെ പത്നിയും രണ്ടു വനിതകളും ദര്‍ശനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ദര്‍ശനം നടത്തിയതെന്നാണ് ദേവസ്വം അഡിമിനിസ്ട്രേറ്റര് ടി. ബ്രീജാകുമാരി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ളവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നാലമ്പലത്തില്‍ ദര്‍ശനം നടത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് തൃശ്ശൂര്‍ സ്വദേശി നാഗേഷ് നല്കിയ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയിരുന്നു.
നവംബര്‍ 24ന് വൈകീട്ട് ദേവസ്വം മന്ത്രിയുടെ ഭാര്യയും മറ്റുരണ്ട് വനിതകളും ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. വാതില്‍മാടത്തിന് മുന്നില്‍നിന്ന് ഇവര്‍ ദര്‍ശനം നടത്തി. 25ന് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ ദേവസ്വം ചെയര്‍മാനും രണ്ടു മെമ്പര്‍മാരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറും ഭാര്യയും അപ്പോള്‍ നാലമ്പലത്തിലുണ്ടായിരുന്നു.
ഇവരോട് മന്ത്രിപത്നി നാലമ്പലത്തില്‍ കയറാനും നിര്‍മാല്യം തൊഴാനും അനുമതിതേടി. അടുത്തിടെ അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് നാലമ്പലത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്നും വിശദീകരണത്തിലുണ്ട്. എന്നാല്‍, ഈ കാലത്ത് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി ഭക്തര്‍ക്ക് ക്ഷേത്രത്തിന്റെ വാതില്‍മാടം വരെയേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.