BREAKING NEWSLATESTNATIONAL

പ്രതിരോധ മേഖലയിലെ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ വില്‍പ്പനയ്ക്ക്

ബംഗളൂരു: പ്രതിരോധ മേഖലയിലെ പ്രധാനപ്പെട്ട പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 15 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ 5000 കോടി രൂപ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോവിഡ് 19 രൂക്ഷമാക്കിയ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്നാണ് മോദി സര്‍ക്കാരിന്റെ വാദം.
ആദ്യം 10 ശതമാനം ഓഹരിയാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുക. 5 ശതമാനം കൂടി വില്‍ക്കാനുള്ള ഓപ്ഷനുണ്ടാകും. ബുധനാഴ്ചത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരമാണിത്. ഒരു ഷെയറിന് 1001 രൂപ ഫ്‌ളോര്‍ പ്രൈസ് എന്ന നിലയിലായിരിക്കും വില്‍പ്പന. 50.2 ബില്യണ്‍ രൂപ വരെ ഇതുവഴി കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. റീടെയില്‍ നിക്ഷേപകര്‍ക്ക് ഓഫര്‍ തുകയില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നല്‍കും. എച്ച് എ എല്‍ ക്‌ളോസിംഗ് പ്രൈസ് ബുധനാഴ്ച 1177.60 രൂപയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാര്‍ എന്ന നിലയില്‍ നിന്ന് ഇന്ത്യയെ ഉത്പാദന സ്വയംപര്യാപ്തതയിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആത്മനിര്‍ഭര്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി പ്രതിരോധ ഉത്പന്നങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനിടെയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം. യുദ്ധവിമാന നിര്‍മ്മാണ രംഗത്തും പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിലും പരിചയസമ്പന്നതയും ഉന്നതനിലവാരവും അവകാശപ്പെടാന്‍ കഴിയുന്ന കമ്പനിയായാണ് എച്ച്എഎല്‍ അറിയപ്പെടുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് നിര്‍മ്മിക്കുന്നത് എച്ച്എഎല്ലാണ്. റഷ്യയില്‍ നിന്നുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ സുഖോയ് 30 എംകെഐ വിമാനവും എച്ച്എഎല്‍ നിര്‍മ്മിക്കുന്നുണ്ട്.

Related Articles

Back to top button