KERALAART & CULTURELATEST

ഇന്ന് വിജയദശമി; അറിവിന്റെ വെളിച്ചത്തിലേക്ക് അക്ഷരമധുരം നുണഞ്ഞ് കുരുന്നുകള്‍

ഇന്ന് വിജയദശമി…. അറിവിന്റെ അക്ഷരവെളിച്ചത്തിലേക്ക് കുരുന്നുകളുടെ ആദ്യ ചുവട് വയ്പ്പ്. പ്രാര്‍ത്ഥാന മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ അക്ഷര ദേവതയായ സരസ്വതി ദേവിക്കു മുന്നില്‍ ഹരിശ്രീ കുറിച്ച് വിദ്യയുടെ ലോകത്തേക്ക് കടക്കുകയാണ് ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ പതിവിലും തിരക്ക് കുറവായിരുന്നു. ഏറെ നിയന്ത്രണങ്ങളോടെയാ ണ് വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. നിരവധി പേര്‍ വീടുകളില്‍ തന്നെയാണ് ഇ്ത്തവണ ഹരിശ്രീ കുറിച്ചത്.
വിദ്യാദേവതയായ സരസ്വതിദേവിക്കു മുന്നില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പുലര്‍ച്ചെ മുതല്‍ ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ഇത്തവണ വിജയദശമിനാളിലെ വിദ്യാരംഭം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ്.
വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന, സരസ്വതിനടയില്‍ സാരസ്വതസൂക്താര്‍ച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകള്‍ ആരംഭിച്ചു. പുലര്‍ച്ചെ സരസ്വതിമണ്ഡപത്തില്‍ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുന്‍കൂട്ടി പേരുനല്‍കിയവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തില്‍ പങ്കെടുക്കാം.
വാഹനങ്ങളിലെത്തുന്നവര്‍ക്ക് മൈതാനത്ത് വണ്ടി പാര്‍ക്കുചെയ്തിട്ട് വിശാലമായ പന്തലില്‍ വിശ്രമിക്കാം. ഇവിടെ അകലം പാലിച്ച് കസേരകള്‍ സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസ് ചെയ്തശേഷമാകും ക്ഷേത്രത്തിലേക്ക് പ്രവേശനം. ആദ്യം വിഷ്ണുനടയിലും പിന്നീട് സരസ്വതിനടയിലും ദര്‍ശനം നടത്തി വിദ്യാമണ്ഡപത്തിലേക്ക് കടത്തിവിട്ടത്.
നിയന്ത്രണങ്ങളുടെ ഭാഗമായി രക്ഷകര്‍ത്താക്കള്‍ തന്നെയാണ് ഇത്തവണ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ വിദ്യാരംഭത്തിന് എത്താറുളള തിരൂര് തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കി. അതേ സമയം എഴുത്തച്ഛന്റെ കളരിയില്‍ പുസ്തക പൂജയ്ക്കും പ്രാര്‍ഥനയ്ക്കും അവസരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീര്‍ത്തനം എന്നിവയെല്ലാം അയച്ചുകൊടുക്കുന്നുണ്ട്. രാവിലെ ഏഴുമണിയോടെ എം.ടി.വാസുദേവന്‍ നായരുടെ ഓണ്‍ലൈന്‍ ഭാഷണവും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്ന് നല്‍കുന്നുണ്ട്.
കൊല്ലൂര്‍ മൂകാംബികയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്നയുടന്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രസിദ്ധമായ സരസ്വതീമണ്ഡപത്തിലും യാഗശാല വരാന്തയിലുമാണ് പൂജാരിമാരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്ത് നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker