പാലക്കാട്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അച്ഛനും അമ്മാവനും കഠിനശിക്ഷ വാങ്ങികൊടുക്കാന്‍ ഏതു കോടതിയിലും വരാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തിന് മുന്പില് ആവര്‍ത്തിച്ച് ഹരിത. ‘അവര്‍ ശിക്ഷിക്കപ്പെടണം, ശിക്ഷവാങ്ങിക്കൊടുക്കണം’ എന്നും അവള് അഭ്യര്‍ഥിച്ചു. തേങ്കുറുശി ദുരാഭിമാനക്കൊല കേസില്‍ മൊഴിയെടുക്കുന്നതിനിടെയായിരുന്നു നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ ആവശ്യം.
അനീഷുമായുള്ള വിവാഹത്തിന്റെ അന്നുമുതല്‍ ആരംഭിച്ചതാണ് അമ്മാവന്റെയും മറ്റു ഭീഷണിയെന്ന് അവര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരന്‍ മൊഴി നല്കി. ‘അമ്മാവന് സുരേഷ് കുമാര്‍ പലതവണ ഭര്‍ത്താവിന്റെ വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തി ഭര്‍ത്താവിന്റെ അനിയന്റെ മൊബൈല്‍ അമ്മാവന് എടുത്തുകൊണ്ടുപോയതും അതിനെതിരെ താന്‍തന്നെ കുഴല്‍മന്ദം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയതുമായ ഒരു സംഭവം മാത്രമാണ് അവര്‍ നേരത്തെ പറഞ്ഞത്.
ഭീഷണിയും താക്കീതും നടക്കുന്ന കാര്യം അനീഷേട്ടന് എന്നോട് പറയുമായിരുന്നു. അമ്മാവനല്ലേ എന്നു പറഞ്ഞ് അധികം ഏതിരൊന്നും പറയാതെ ഒഴിഞ്ഞുനടന്നു. കുറച്ചുദിവസം കഴിയുമ്പോള്‍ എല്ലാം കുറഞ്ഞുവരുമെന്നു കരുതിയെങ്കിലും അത് കൂടിവന്നു.
ആറുവര്‍ഷമായി ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായിരുന്നു. അനീഷിന്റെ അമ്മ രാധ എന്റെ തറവാട്ടുവീട്ടില്‍ കുറച്ചുകാലമായി പണിക്ക് വരാറുണ്ട്. അനീഷുമായുളള അടുപ്പത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ അച്ഛനും അമ്മാവനും കല്യാണ ആലോചന വേഗത്തിലാക്കി. അതോടെ ഞങ്ങള്‍ ഒരുമിച്ചുജീവിക്കാന്‍ തീരുമാനിച്ചു. വിവാഹാലോചന ഉറപ്പിക്കുന്നതിന് കോയമ്പത്തൂരിലെ ചെക്കന്റെ വീട്ടില്‍ കുടുംബക്കാര് പോയദിവസം ഞാന്‍ അനീഷിനൊപ്പം മണ്ണാര്‍ക്കാട് ചിറക്കപ്പടിഭാഗത്തെ മാരിയമ്മന്ക്ഷേത്രത്തിലെത്തി സെപ്റ്റംബര്‍ 27 ന് താലിക്കെട്ടി.
ക്ഷേത്രം അടച്ച് പൂജാരി ഇറങ്ങിയിരുന്നെങ്കിലും ഞങ്ങളുടെ അഭ്യര്‍ഥനയും സ്ഥിതിയും അറിഞ്ഞതോടെ അദ്ദേഹം ചടങ്ങ് നടത്തിതന്നു. ഇതിനിടെ, എന്നെ കാണാനില്ലെന്നു പറഞ്ഞ് അച്ഛന് പ്രഭുകുമാര്‍ കുഴല്‍മന്ദം പൊലീസില്‍ നല്കിയ പരാതിയില്‍ ഞങ്ങളും രണ്ടുകുടുംബത്തിലുളളവരും അന്ന് വൈകിട്ട് നാലുമണിക്ക് സ്റ്റേഷനിലെത്തി. എസ്ഐ ഇരുഭാഗത്തോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ പ്രായപൂര്‍ത്തിയായ എന്നെ, സ്വന്തം ഇഷ്ടപ്രകാരം അനീഷേട്ടനൊപ്പം വിട്ടയച്ചു.
പിന്നീടുള്ള ദിവസങ്ങളിലാണ് അനീഷേട്ടനെ അമ്മാവന് വഴിക്കു തടഞ്ഞു നിര്‍ത്തുന്നതുള്‍പ്പെടെ ഉണ്ടായത്. അമ്മയും അനുജത്തിയും കോയമ്പത്തൂരിലുള്ള ബന്ധുവും ഇടയ്ക്കിടെ വിളിക്കുമായിരുന്നു. മുത്തശ്ശന് മൂന്നുതവണ വിളിച്ചതില്‍ അവസാനത്തേതിലാണ് അനീഷിന്റെ വീട്ടുകാര്‍ക്ക് ആവശ്യമുള്ള പണം നല്‍കാമെന്ന വാഗ്ദാനവും മുന്നറിയിപ്പും ഉണ്ടായത്. 90 ദിവസത്തിനുള്ളില്‍ നിന്റെ താലി ഇല്ലാതാകുമെന്നാണ് അച്ഛന്റെ ഫോണില്‍ പറഞ്ഞത്. അതുപോലെതന്നെ അനീഷേട്ടന് മരിച്ചു.’–ഹരിതയുടെ മോഴിയില്‍ പറഞ്ഞു.
അച്ഛന്റെ ഭീഷണിയും കൊലപാതകവും മൊഴിയെടുക്കുന്നതിനിടെ ഹരിത പലതവണ ആവര്‍ത്തിച്ചു പറഞ്ഞു. ജാതിയിലും സാമ്പത്തികത്തിലും താഴെയുളളയാളെ വിവാഹം കഴിച്ചതിലുളള വൈരാഗ്യവും ദുരഭിമാനവുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനു കാരണമെന്ന് അന്വേഷണ സംഘത്തിനു നല്കിയ മൊഴിയിലും ഹരിത വ്യക്തമാക്കിയിട്ടുണ്ട്.
മൊഴിയെടുക്കല്‍ 3 മണിക്കൂര്‍ നീണ്ടുനിന്നു. മകന്റെ കൊലപാതകത്തിന് ഉത്തദവാദികളായവരെ ശിക്ഷിക്കണമെന്ന് അനീഷിന്റെ രക്ഷിതാക്കളും മൊഴി നല്കുന്നതിനിടയില് ആവശ്യപ്പെട്ടു. കൊലയ്ക്ക് കാരണം അനീഷിന്റെ ജാതിയും പണക്കുറവുമാണെന്നും അവര്‍ പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവരുടെ മെ!ാഴിയും ക്രൈംബാഞ്ച് രേഖപ്പെടുത്തി.
അടുത്തദിവസം സാക്ഷികളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കുന്ന വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തൊണ്ടിമുതല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിച്ചു.