ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന് പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
രോഗപ്രതിരോധം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ അനുമതി നല്കിയ രണ്ടു വാക്സിനുകളും സുരക്ഷിതമാണെന്ന് തുടക്കംമുതല്‍ താന്‍ പറഞ്ഞിരുന്നതാണെന്ന് ഹര്ഷവര്ധന് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചപ്പോള്‍ത്തന്നെ ആദ്യ വാക്സിന് സ്വീകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു, ഹര്ഷവര്ധന് പറഞ്ഞു.
വളരെ സുരക്ഷിതവും പ്രയോജനകരവുമായിരുന്നിട്ടും കോവാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത്. അദ്ദേഹം രാജ്യത്തിന് വ്യക്തമായ ഒരു സന്ദേശം നല്‍കുകയായിരുന്നു. എല്ലാ തെറ്റായ പ്രചാരണങ്ങളും ആശങ്കകളും ഇതോടെ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു, ഹര്ഷവര്ധന് ചൂണ്ടിക്കാട്ടി.
60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വക്സിന് സ്വീകരിക്കണമെന്ന് ഹര്ഷവര്ധന് ആഹ്വാനംചെയ്തു. താന്‍ ഇന്ന് വാക്സിനായി രജിസ്റ്റര്‍ ചെയ്യുമെന്നും നാളെ വാക്സിന് സ്വീകരിക്കുമെന്നും ഹര്ഷവര്ധന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. ‘എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’, മോദി ട്വീറ്റ് ചെയ്തു.