ഹാഥ്റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസ് ജില്ലയില്‍ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സത്സംഗിന്റെ സംഘാടകരാണ് അറസ്റ്റിലായവരെന്നാണ് യുപി പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത ആറുപേരില്‍ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.കേസിലെ പ്രധാനപ്രതിയായി എഫ്ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതികള്‍ ക്രൗഡ് മാനേജ്‌മെന്റിന്റെ ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്ന് പോലീസ് വെളിപ്പെടുത്തി. പരിപാടികളില്‍ ഇവരാണ് ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത്. പോലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിന്റെ ഭാഗമാകാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.
മുഖ്യ സന്നദ്ധപ്രവര്‍ത്തകനാണ് ഒളിവിലുള്ള ദേവ് പ്രകാശ് മധുകര്‍. ഇയാളുടെ അറസ്റ്റിനായി പോലീസ് കോടതിയില്‍നിന്ന് ജാമ്യമില്ലാ വാറണ്ട് തേടിയിട്ടുണ്ട്.അതേസമയം. സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്ക്കെതിരെ പോസീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍, ഇയാളെ ചോദ്യംചെയ്തേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
‘സത്സംഗം അവസാനിച്ചതിന് ശേഷം ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനിടയില്‍ വളണ്ടിയര്‍മാര്‍ക്ക് അശ്രദ്ധയുണ്ടായെന്ന് കണ്ടെത്തി. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ അവര്‍ ഒളിവില്‍ പോയി..സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്’, ഐജി പറഞ്ഞു.
80,000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്.
82 1 minute read