കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയില്‍നിന്ന് അകന്നു കഴിയുന്ന ഭാര്യ ഹസിന് ജഹാന് സുരക്ഷ ഉറപ്പു വരുത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഹസിന് സുരക്ഷ നല്‍കണമെന്ന് കൊല്‍ക്കത്ത പൊലീസിനോടാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ഹസിന് ജഹാന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഹസിന് ജഹാന്റെ പരാതി അടിസ്ഥാനമാക്കി ലാല്‍ബസാര്‍ പൊലീസ് സ്റ്റേഷന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സൈബര്‍ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരു വിഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ടശേഷം ഹസിന് ജഹാന്റെ ജീവനോ, സ്വത്തിനോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകരുതെന്ന് ജസ്റ്റിസ് ദേബാങ്ഷു ബസക് നിര്‍ദേശിച്ചു. നാല് ആഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിനു പിന്നാലെയാണ് ഹസിന് ജഹാനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളെത്തിയത്. ഇതേ തുടര്‍ന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും മകള്‍ക്കും സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഹസിന് കോടതിയെ ബോധിപ്പിച്ചു.
2014ല്‍ വിവാഹിതരായ ഹസിന് ജഹാനും മുഹമ്മദ് ഷമിയും 2018 മുതല്‍ പിരിഞ്ഞാണ് താമസം. 2019ല്‍ കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയാണ് ഈ പ്രശ്നം പരിഹരിച്ചത്. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ് താരമായ ഷമി ഇപ്പോള്‍ ടീമിനൊപ്പം യുഎഇയിലാണ്.