KERALALATEST

ഹാഥ്രസിലേക്കു പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അടക്കം നാലുപേര്‍ യുപിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അടക്കം നാലുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മഥുരയില്‍ വെച്ച് തിങ്കളാഴ്ചയാണ് ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് യുപി പോലീസിന്റെ ആരോപണം.
ഹാഥ്രസിലെ സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ അഴിമുഖം പ്രതിനിധി സിദ്ദിഖ് കാപ്പനാണ് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍. ഡല്‍ഹിയില്‍ നിന്നും യുപിയിലേക്കുള്ള യാത്രാമധ്യേയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതിക് ഉര്‍ റഹ്മാന്‍, സിദ്ദിഖ് കാപ്പന്‍, മസൂദ് അഹ്മദ്, അലം എന്നിവരാണ് യുപി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്നും ലാപ്പ്‌ടോപ്പും, മൊബൈല്‍ ഫോണും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന രേഖകളും കണ്ടെത്തിയെന്നാണ് യുപി പോലീസിന്റെ അവകാശവാദം. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്, വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് എന്നിവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും പോലീസ് പറയുന്നു.
ഹാഥ്രസ് സംഭവത്തിന്റെ മറവില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നുള്ള സര്‍ക്കാരിന്റെ ആരോപണത്തിനു പിന്നാലെയാണ് നാലുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹാഥ്രസ് സംഭവത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ 19 എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Back to top button