സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ മാസ്ക്ക് വയ്ക്കാതെ പ്രചാരണത്തിനിറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം പാളിയെന്നും ആവശ്യത്തിന് ചികിത്സയൊരുക്കാനുള്ള സൗകര്യമില്ലെന്നും കാട്ടി ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
നിലവില്‍ ചികിത്സാ സംവിധാനങ്ങള്‍ മിക്കവയും പാളം തെറ്റിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ചികിത്സയ്ക്കായി അനുവദിച്ച സൗകര്യങ്ങള്‍ എല്ലാം വെട്ടി കുറച്ചു. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്കായി അനുവദിച്ച 500 ബെഡുകള്‍ വെട്ടി ചുരുക്കി. ജനറല്‍ ആശുപത്രിയിലെ ബെഡുകള്‍ 275ല്‍ നിന്ന് 100 ആക്കി. ഇതൊരു ഉദാഹരണം മാത്രമാണ് സംസ്ഥാനത്ത് ബാക്കി ആശുപത്രികളുടെയും അവസ്ഥ ഇതാണ്.
ഇതു നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പു പ്രചരണത്തിലെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം. ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ മാസ്ക്ക് പോലും ധരിക്കാതെയാണ് പ്രചാരണ സ്ഥലത്ത് എത്തുന്നത്. സുരക്ഷിത അകലം പാലിക്കണമെന്ന നിബന്ധന ഒരിടത്തും പാലിക്കാറില്ല. നേതാക്കള്‍ നിയമങ്ങള്‍ ലംഘിക്കുന്നതോടെ അവരൊടൊപ്പമുള്ള പ്രവര്‍ത്തകരും പരസ്യമായി നിയമലംഘനം നടത്തുന്നു. ഇത്തരത്തില്‍ സ്ഥിതി മുന്നോട്ടുപോയാല്‍ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഇനിയുമുയരുമെന്നും ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
അമിത്ഷാ, രാഹുല്‍ ഗാന്ധി, സീതാറം യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാസ്ക്ക് ധരിക്കുന്നില്ല. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് ഗഌസ് ധരിച്ചെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പല നേതാക്കളും അതൊക്കെ ക്രമേണ ഉപേക്ഷിച്ചു. ഇതു കണ്ട് പ്രവര്‍ത്തകരും. മുന്‍കരുതലുകള്‍ പരസ്യമായി ലംഘിക്കുന്നതു ചൂണ്ടിക്കാണിച്ച് ആരോഗ്യവകുപ്പ് ഡി.ജി.പിയെ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കമ്മീഷനെ വിവരം ധരിപ്പിച്ചത്.
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാമെങ്കിലും ഇതുവരെ കേരളാ പോലീസ് ഇത്തരത്തില്‍ ഒരു കേസു പോലും രജിസ്റ്റര്‍ ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്തിട്ടില്ല. കോവിഡ് വ്യാപന സമയത്ത് ഡ്രോണ്‍ ഉപയോഗിച്ചു പോലും മാസ്ക്ക് ധരിക്കാത്തവരെ തേടിപ്പിടിച്ച കേരളാ പോലീസാണ് ഇപ്പോള്‍ നിശ്ശബ്ദമായിരിക്കുന്നത്.
സിനിമാതാരങ്ങളുള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഇപ്പോള്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്നതായി ചിത്രങ്ങളും വീഡിയോകളും തെളിയിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രത്തില്‍ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിംഗിന് ഡല്‍ഹിയില്‍ നിന്ന് എത്തിയവരില്‍ നിന്ന് 13 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ശരിയായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിനു കാരണം.
കോവിഡിന്റെ രൂപാന്തരം പ്രാപിച്ച വകഭേദമാണോ ഇവിടെ പടര്‍ന്നതെന്നും സംശയമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമെ ഇതു വ്യക്തമാകൂ. കോവിഡ് രണ്ടാം തരംഗത്തിനെതിരേ രാജ്യമെങ്ങും ജാഗരൂകമാകുമ്പോഴാണ് സംസ്ഥാനത്ത് അലംഭാവം തുടരുന്നത്.