ആലപ്പുഴ: ദേശീയപാതയിലെ കൊവിഡ് പരിശോധനാ ചെക്ക് പോസ്റ്റില്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ മീന്‍ കയറ്റി വന്ന ലോറി തടഞ്ഞുനിര്‍ത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെ വിജിലന്‍സ് കുടുക്കി. കേടുവന്നവയെന്ന് വരുത്തി തീര്‍ത്ത് ടണ്‍ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്. മത്സ്യ മൊത്ത വ്യാപാരിയുമായി ചേര്‍ന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലിന്‍സ് സംഘം പ്രതികളെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.
കഴിഞ്ഞ മേയ് പത്താം തീയതി കായംകുളം കൃഷ്ണപുരത്താണ് കേസിന് ആസ്പദമായ സംഭവം. കര്‍ണ്ണാടകയില്‍ നിന്നും കളിയാക്കാവിളയിലേക്ക് മത്സ്യവുമായി എത്തിയ ലോറി കൃഷ്ണപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനവാസും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. ലോറി ചെക്ക് പോസ്റ്റ് കടത്തിവിടാന്‍ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ പഴകിയ മീന്‍ എന്ന് റിപ്പോര്‍ട്ട് നല്കി തുടര്‍നടപടിയെടുക്കുമെന്നായിരുന്നു ഭീഷണി.
ലോറി ഡ്രൈവര്‍ ഉടന്‍ കര്‍ണ്ണാടകയിലെ ഉടമയെ വിളിച്ചു. അയാള്‍ കായകുളത്തെ മത്സ്യമൊത്ത വ്യാപാരി താജുദീനെ വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. മത്സ്യം കേടുവന്നതല്ലെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് താജുദ്ദീനെ ഒഴിവാക്കി മറ്റ് ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥര്‍ എഴുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങി ലോറി വിട്ടയച്ചു.
ഈ വിവരം താജുദ്ദീനാണ് വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞതോടെ പണം തിരികെ നല്കി ഒത്തുതീര്‍പ്പിന് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നു. വിജിലന്‍സ് നിര്‍ദേശാനുസരണം ഉദ്യോഗസ്ഥരെ കായകുളത്തെ വീട്ടില്‍ താജുദ്ദീന് വിളിച്ചുവരുത്തി. കൈക്കൂലി ഉദ്യോഗസ്ഥര്‍ തിരികെ നല്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം വിജിലന്‍സിന് കിട്ടി.
സംഭവത്തില്‍ കൃഷ്ണപുരം ഹെല്‍ത്ത് ഇന്‍സ്പെകടര്‍ ഷാനവാസ് ഉള്‍പ്പെടെ എട്ടു പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് ഉടന്‍ കുറ്റപത്രം നല്‍കും. കൊവിഡ് നിയന്ത്രണം ഉള്ളതിനാല്‍ അറസ്റ്റ് ഒഴിവാക്കി. കൈക്കൂലി വാങ്ങിയ 75000 രൂപയും കോടതിയില്‍ ഹാജരാക്കും. കോട്ടയം വിജിലന്‍സ് റേഞ്ച് എസ്പി വി.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.