BREAKING NEWSKERALA

സംസ്ഥാനത്ത് കനത്തമഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്,, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചു.
കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ പമ്പാ വാസന്‍ എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാണ്.
ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി മഴയ്ക്ക് സാധ്യത നിലനില്‍ക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ ശക്തിപ്പെട്ട മഴ വരും മണിക്കൂറുകളില്‍ സംസ്ഥാന വ്യാപകമാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
സെപ്റ്റംബര്‍ 6: കൊല്ലം, ആലപ്പുഴ.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
സെപ്റ്റംബര്‍ 6: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.
സെപ്റ്റംബര്‍ 7: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
സെപ്റ്റംബര്‍ 8: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
സെപ്റ്റംബര്‍ 9: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
സെപ്റ്റംബര്‍ 10: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

Tags

Related Articles

Back to top button
Close