ന്യൂഡല്‍ഹി: ഹെലികോപ്റ്ററുകളുടെ കാലപ്പഴക്കം സംബന്ധിച്ച മുന്നറിയിപ്പുമായി സൈന്യം. ചേതക്ക്, ചീറ്റ എന്നീ ഹെലികോപ്റ്ററുകള്‍ കാലഹരണപ്പെട്ടുവെന്നും ഇവയുടെ കാലാവധി 2023 പൂര്‍ത്തിയാകുമെന്നും സൈന്യം മുന്നറിയിപ്പില്‍ പറയുന്നു. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണം ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ അതിവേഗം പൂര്‍ത്തിയാക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്സ് നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററുകള്‍ സമയബന്ധിതമായി നല്‍കണമെന്നാണ് സേനയുടെ ആവശ്യം.
ഒറ്റ എഞ്ചിനുള്ള ചീറ്റ, ചീറ്റ ഹെലികോപ്റ്ററുകള്‍ നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ഇവയില്‍ ഭൂരിഭാഗം ഹെലികോപ്റ്ററുകള്‍ക്കും നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പതിനഞ്ച് വര്‍ഷമായി സൈന്യം പുതിയ ഹെലികോപ്റ്ററുകള്‍ക്കായി മുറവിളി കൂട്ടുകയാണ്. ചൈനയുമായുള്ള സംഘര്‍ഷമാണ് വീണ്ടും ആവശ്യം ഉയരുന്നതിനുള്ള കാരണം.
നിലവില്‍ സൈന്യത്തിനും എയര്‍ഫോഴ്സിനും നേവിക്കുമായി 187 ചേതക്ക് ഹെലികോപ്റ്ററുകളും 205 ചീറ്റ ഹെലികോപ്റ്ററുകളുമാണ് ഉള്ളത്. സിയാച്ചിന്‍ പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും ഇവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തന ക്ഷമത സൈന്യത്തെ ബാധിക്കുന്നുണ്ട്. മൂന്ന് സേനാ വിഭാഗത്തിനുമായി ആകെ 483 ഹെലികോപ്റ്ററുകളാണ് ആവശ്യം. എന്നാല്‍ സേനയുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
ഹെലികോപ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റഷ്യയുമായി 2015ല്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇരട്ട എഞ്ചിനുകളുള്ള 200 (കരസേനക്ക് 135,ഐഎഎഫിന് 65) കമോവ് 226 ടി ഹെലികോപ്റ്ററുകള്‍ 20,000 കോടി രൂപയ്ക്ക് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായിട്ടില്ല. റഷ്യയുടെ തദ്ദേശ നിര്‍മ്മിത പദ്ധതിക്ക് പ്രശ്നങ്ങളുണ്ട്. എച്ച്എഎല്ലും ജെവിയും പദ്ധതിയില്‍ പങ്കാളികളാകേണ്ടതുണ്ട്. മറ്റൊരു ഓഫീസര്‍ പറഞ്ഞു. എച്ച്എഎല്‍ സ്വന്തം ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ വികസിപ്പിക്കുന്നുണ്ട്. പ്രാരംഭ ആവശ്യത്തിനായി കരസേനയ്ക്ക് 172 (111, ഐഎഎഫിന് 61) ഹെലികോപ്റ്ററുകളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഫെബ്രുവരിയിലാണ് ഇതിന് ക്ലിയറന്‍സ് ലഭിച്ചത്.
21000 കോടി മുടക്കി 111 ഇരട്ട എഞ്ചിന് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതാണ് മൂന്നാമത്തെ പദ്ധതി. ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ കമ്പനി വിദേശ പങ്കാളിത്തത്തോടെ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നതാണ് ഇത്. ടാറ്റ, ആദാനി, മഹീന്ദ്ര ഡിഫന്‍സ്, ഭാരത് ഫോര്‍ജ് എന്നീ നാല് ഇന്ത്യന്‍ കമ്പനികളാണ് പ്രാരംഭ പട്ടികയില്‍ ഉള്‍പ്പെട്ടത്. വിദേശ കമ്പനികളായ എയര്‍ബസ്, കാമോവ്, ലോക്ക്ഹീഡ് മാര്ട്ടിന്സിക്കോര്സ്കി എന്നീ മൂന്ന് വിദേശ കമ്പനികളും പട്ടികയില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ പദ്ധതിയും എവിടെയും എത്തിയിട്ടില്ല.