തിരഞ്ഞെടുപ്പുകളില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അധ്യാപകര്‍ക്ക് പത്രിക സമര്‍പ്പിക്കാമെന്ന് ചീഫ്ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.
തദ്ദേശ, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്നുവെന്നതിനാല് എയ്ഡഡ് അധ്യാപകജോലി ‘ഓഫീസ് ഓഫ് പ്രോഫിറ്റ്’ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അധ്യാപകര്‍ മത്സരിക്കുന്നത് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ ഒരുരീതിയിലും ബാധിക്കില്ലെന്നും വിശദീകരിച്ചു. കേരളത്തില്‍ പത്രിക നല്‍കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണെന്നും ഹൈക്കോടതി വിധി കാരണം നിരവധി പേര്‍ക്ക് മത്സരിക്കാനാകില്ലെന്നും മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫെബ്രുവരിയിലെ വിധി സ്റ്റേ ചെയ്യാനും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്.