കൊച്ചി: ടെലിവിഷന്‍-പത്ര മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് പി. ചാലി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കെ.എസ്. ഹല്‍വി എന്ന അഭിഭാഷകനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി മാധ്യമങ്ങള്‍ അവരുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശം ദുരുപയോഗിക്കുന്നു, രാഷ്ട്രീയനേതാക്കളെക്കുറിച്ച് സര്‍ക്കാരിനു വേണ്ടി പ്രവര്ത്തിക്കുന്നവരെക്കുറിച്ചോ കാഴ്ചക്കാരുടെ മനസ്സില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായി മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഔദ്യോഗിക നീതിനിര്‍വഹണ സംവിധാനത്തെ മറികടന്ന് മാധ്യമവിചാരണകള്‍ നടത്തുന്നു. ഇതിലൂടെ ശരിയായ നിയമവിചാരണകളില് മാധ്യമങ്ങള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു തുടങ്ങിയ വാദങ്ങളാണ് ഹര്ജിക്കാരന് ഉന്നയിച്ചത്.
മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മതിയാവുന്ന തരത്തിലുള്ള നിയമങ്ങള്‍ രാജ്യത്ത് നിലവിലില്ല. അതിനാല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
അതേസമയം, ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഒരു പൊതുമാര്ഗനിര്ദേശത്തിന് രൂപം നല്കാന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ‘റിട്ട് പെറ്റീഷനില്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കില്ല. ഹര്ജിക്കാരന് ഉന്നയിച്ച വാദങ്ങള്‍ കണക്കിലെടുക്കാന്‍ കഴിയില്ല. ഹര്ജിക്കാരന് ആരോപണങ്ങളെ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് സാധ്യമല്ല, നേരത്തേയും സമാനവിഷയങ്ങളില്‍ വാദങ്ങളും ഉത്തരവുകളും ഉയര്‍ന്നിട്ടുണ്ട്.’ കോടതി നിരീക്ഷിച്ചു.