കൊച്ചി : ശബരിമല വിഷയത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്‍ഗണന നല്കിയാല് വരുന്ന നിമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ നല്കുമെന്നു ഹിന്ദു പാര്‍ലമെന്റ്.
ഈ മാസം 27നു തിരുവനന്തുപരത്ത് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ ചേരുന്ന ജനസഭയിലേക്കു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലപാട് ഈ യോഗത്തില്‍ വ്യ്ക്തമാക്കുമെന്നു കരുതുന്നതായി ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന്, വിശ്വാസ സംരക്ഷണ സമിതിക്കുവേണ്ടി രാഹുല്‍ ഈശ്വര്‍ എന്നിവര്‍ വ്യക്തമാക്കി.
ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയും. രാഷ്ട്രീയ ഭേദമന്യേ ശബരിമല വിശ്വാസത്തെ സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും, . മുഖ്യ മന്ത്രി പിണറായി വിജയന് തന്റെ പിടിവാശി ഇക്കാര്യത്തില്‍ ഉപേക്ഷിക്കണമെന്നും ഹിന്ദു പാര്‍ലമെന്റ് ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് വിഷയത്തില്‍ സര്‍വകക്ഷി സമവായം ഉണ്ടാകുകയും തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി സ്വീകരിക്കുകയും സുപ്രിം കോടതി അതിനു മൗനാനുവാദം നല്‍കുകയും ചെയതു. ഇപ്പോള്‍ സുപ്രിം കോടതിയുടെ മനോഭാവം വിശ്വാസി സമൂഹത്തിന് അനുകൂലമാണ്.
ക്രിസ്ത്യന്‍, മുസ്ലിം സാമുദായിക നേതാക്കള്‍ വിശ്വാസ സൗഹൃദമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. സിപിഎമ്മിലെ വലിയൊരു ശതമാനം വിശ്വാസികളും പത്മകുമാര്‍ അടക്കമുള്ള നേതാക്കളും ക്ഷേത്രവിശ്വാസത്തിനായി നിലകൊണ്ടിട്ടുണ്ട്. പിണറായി വിജയന് അല്ലാതെ ആ പാര്‍ട്ടിയില്‍ മറ്റൊരാള്‍ക്കും ശബരിമല വിരുദ്ധ നിലപാട് ഉണ്ടാകാനിടയില്ല.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന സര്‍ക്കാര്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയെ സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നു നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കുകയും തുടര്‍ന്നു സിപിഎം അണികളെയും അണിനിരത്തി നവോ്ത്ഥാന വനിതാ മതില് വിജയമാക്കുയും ചെയ്തു. എന്നാല്‍ അന്നു തന്നെ ശബരിമലയില്‍ യുവതികളെ കയറ്റി ആചാരലംഘനം നടത്തുകയും ചെയ്തതോടെ വഞ്ചിക്കപ്പെട്ടുവെന്നു വ്യക്തമായി. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഹിന്ദുപാര്‍ലമെന്റ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ മനംമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണമെന്നു വിശ്വാസ സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.