ഹരിദ്വാര്‍: ഋഷികേശിലെ പ്രശസ്തമായ ലക്ഷ്മണ് ജുലയ്ക്ക് സമീപത്ത് നിന്ന് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കുറ്റത്തിന് അമേരിക്കന്‍ യുവതി അറസ്റ്റില്‍. 30കാരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് മുനി കി റെതി പോലീസ് വ്യക്തമാക്കി. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ഫ്രഞ്ച് യുവതിയെയും ഫോട്ടോഗ്രാഫറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തുന്നത്.
അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന ആരോപണം നിഷേധിച്ച യുവതി തങ്ങളുടെ ബിസിനസിന്റെ പ്രചാരണത്തിനായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത കുറ്റത്തിനാണ് അമേരിക്കന്‍ യുവതിയെ തങ്ങള്‍ അറസ്റ്റ് ചെയ്തതെന്ന് മുനി കി റെതി പോലീസ് സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു. യുവതിയെ കോടതിയില്‍ ഹാജരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശവാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിദേശികളും യുവാക്കളും പൊതുസ്ഥലത്ത് അശ്ലീല പ്രവര്‍ത്തികള്‍ നടത്തിയെന്ന് കാണിച്ച് പ്രദേശവാസിയായ ഗജേന്ദ്ര സിംഗ് സജ്വാനണ് ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐടി നിയമത്തിലെ 67, 294 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പരാതിയ്ക്ക് പിന്നാലെ ഓഗസ്റ്റ് അവസാനത്തോടെ ഇരുപത്തേഴുകാരിയായ ഫ്രഞ്ച് യുവതിയെയും ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്തെങ്കിലും ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു. പോലീസിന് ഇവര്‍ക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നുമില്ല.
ഗംഗാ നദിക്ക് കുറുകെയുള്ള ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൂക്കുപ്പാലത്തിലൂടെ വസ്ത്രമില്ലാതെ നടന്ന് വീഡിയോ എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അന്ന് അറസ്റ്റിലായതിന് പിന്നാലെ ഫ്രഞ്ച് യുവതി മാപ്പ് പറഞ്ഞും രംഗത്തെത്തിയിരുന്നു. ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു ഇവരുടെയും വാദം.