AUTOFOUR WHEELER

ഇലക്ട്രിക് സണ്‍റൂഫുമായി പുത്തന്‍ ജാസ്

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ 2020 മോഡല്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ബിഎസ് 6 പാലിക്കുന്ന പുതിയ ഹോണ്ട ജാസ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ജാസിനായുള്ള ഔദ്യോഗിക ബുക്കിഗും ഹോണ്ട ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.
താല്‍പര്യമുള്ള ഉപഭേക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുകയായി നല്‍കി പുത്തന്‍ മോഡല്‍ പ്രീബുക്ക് ചെയ്യാം. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെല്ലുമ്പോള്‍ 21,000 രൂപയും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപയുമാണ് ടോക്കണ്‍ തുക.
ബിഎസ് 6 എന്‍ജിന്‍ കൂടാതെ ഫീച്ചറുകള്‍, സ്‌റ്റൈലിംഗ് എന്നിവയില്‍ ചില മാറ്റങ്ങളോടെയാണ് 2020 ഹോണ്ട ജാസ് വിപണിയിലെത്തുന്നത്. ആധുനിക കാറുകളില്‍ കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോളും വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫും ഫെയ്‌സ്‌ലിഫ്റ്റ് ജാസില്‍ ഇത്തവണ ലഭ്യമാകുമെന്നതാണ് മുഖ്യ സവിശേഷതകളില്‍ ഒന്ന്. സെഗ്മെന്റിലെ എതിരാളികള്‍ക്ക് സണ്‍റൂഫില്ല എന്നുള്ളത് ജാസിന്റെ പ്രീമിയം ബ്രാന്‍ഡിങ് ഉറപ്പിക്കുന്നു.
കഴിഞ്ഞമാസങ്ങളില്‍ ജാസിന്റെ ടീസറുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു. പുതിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാംപുകളാണ് പുതിയ ജാസ് പ്രീമിയം ഹാച്ച്ബാക്കിലെ മറ്റൊരു വലിയ മാറ്റം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടെ നല്‍കിയിരിക്കുന്നു. പരിഷ്‌കരിച്ച ഗ്രില്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍ എന്നിവ വെളിപ്പെടുത്തുന്നതാണ് പുതിയ ടീസര്‍.
മെഷ് ഗ്രില്ലിന്റെ മധ്യത്തിലാണ് ഹോണ്ട ലോഗോ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ബ്ലാക്ക് സ്ലാറ്റ് കാണാനാകും.
എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തൊട്ടുതാഴെയുള്ള ക്രോം സ്ട്രിപ്പ്. വ്യക്തത കുറഞ്ഞ രീതിയില്‍ അലോയ് വീലുകളും ടീസര്‍ ചിത്രത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ മാറ്റമില്ല. കൂടുതല്‍ അഗ്രസീവായി തോന്നുന്നവിധം മുന്നിലെ ബംപര്‍ പുതിയതാണ്. നടുവിലെ എയര്‍ഡാമിന് വലുപ്പം വര്‍ധിച്ചു. ടച്ച് സ്‌ക്രീന്‍, ക്രൂയിസ് കണ്ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, 15ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വാഷറും വൈപ്പറും എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍.
സിവിടി ട്രാന്‍സ്മിഷന്‍ മോഡലുകള്‍ക്ക് പാഡില്‍ ഷിഫ്റ്ററുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡീസല്‍ എഞ്ചിനോട് വിട പറഞ്ഞാണ് പുത്തന്‍ ഹോണ്ട ജാസ് എത്തുന്നത്. 1.2ലിറ്റര്‍ i-VTEC പെട്രോള്‍ എന്‍ജിനില്‍ മാത്രമേ ഇനി ജാസ് ലഭ്യമാവൂ. 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമുള്ള പെട്രോള്‍ എഞ്ചിന്റെ ഔട്ട്പുട്ട് ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കുശേഷവും മാറ്റമില്ലാതെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്.
ബിഎസ്4 ജാസിന്റെ ഉപഭോക്താക്കളില്‍ 80 ശതമാനവും പെട്രോള്‍ വേരിയന്റ് ആണ് തിരഞ്ഞെടുത്തത്. ഇതാണ് 2020 ജാസിനെ ഡീസല്‍ എന്‍ജിന്‍ ഇല്ലാതെ ലോഞ്ച് ചെയ്യാന്‍ ഹോണ്ട കാര്‍സ് ഇന്ത്യയെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് ശ20, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ തുടങ്ങിയവരാണ് എതിരാളികള്‍. പുതിയ മോഡലിന്റെ വില വിവരങ്ങള്‍ കമ്പനി ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും.

Related Articles

Back to top button