KERALALATEST

ഹണിട്രാപ്പില്‍ വിളിച്ചു വരുത്തി കൊലപാതകം: സഹോദര പുത്രന്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) കൊന്ന് ബ്രഹ്മപുരത്തു വഴിയരികില്‍ തള്ളിയ കേസില്‍ ഒരു ബന്ധു കൂടി അറസ്റ്റില്‍. ദിവാകരന്‍ നായരുടെ സഹോദരന്റെ മകന്‍ കൃഷ്ണനുണ്ണിയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണനുണ്ണിയുടെ ഭാര്യ പിതാവ് അനില്‍ കുമാര്‍ കേസില്‍ ഒന്നാം പ്രതിയാണ്. ദിവാകരന്‍ നായരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കൃഷ്ണനുണ്ണിക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ ഇതുവരെ അഞ്ചുപേര്‍ പിടിയിലായി. കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് എറണാകുളം ബ്രഹ്മപുരത്ത് വഴിയരികില്‍ ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്.
ദിവാകരന്‍ നായരുടെ ദുരൂഹ മരണം വസ്തു തര്‍ക്കത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ദിവാകരന്‍ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ഷാനിഫ മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെണ്‍കെണിയൊരുക്കി ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികില്‍ തള്ളുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും തമ്മില്‍ തര്‍ക്കവും 15 വര്‍ഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകള്‍ക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോള്‍, തര്‍ക്കസ്ഥലം അളന്നു തിരിച്ചു വില്‍ക്കാനായി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. എന്നാല്‍, ഇതിനെ ദിവാകരന്‍ നായര്‍ എതിര്‍ത്തു. തുടര്‍ന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം പൊന്‍കുന്നത്തു നിന്നെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു.ഇതു സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണു ദിവാകരന്‍ നായരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Related Articles

Back to top button