കോട്ടയം: സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികപീഡനം ഏറ്റവും കുറവ് കേരളത്തില്‍. 18നും 49നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ നിലയെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ വ്യക്തമായത് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സാണ് 201920ലെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുമ്പ് സര്‍വേ നടന്നത് 2015-16ലാണ്. അന്ന് 14.9 ശതമാനമായിരുന്നു സംസ്ഥാനത്ത് ഗാര്‍ഹിക പീഡനനിരക്ക്. അത് ഇപ്പോള്‍ 9.9 ശതമാനമായി കുറഞ്ഞു. പത്തുശതമാനത്തില്‍ താഴെയുള്ള സംസ്ഥാനങ്ങള്‍ അപൂര്‍വമാണ്. കര്‍ണാടക -44, ബിഹാര്‍- 40, പശ്ചിമബംഗാള്‍- 27, ആന്ധ്രാപ്രദേശ്- 30, മഹാരാഷ്ട്ര- 25, ഗുജറാത്ത്- 14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില.
സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരത്തിലും കേരളം മുന്നാക്കമാണെന്നും സര്‍വേ വിലയിരുത്തുന്നു. ശിശുമരണനിരക്ക് ഏറ്റവും കുറവും ഇവിടെത്തന്നെ. സര്‍വേയില്‍ ഉള്‍പ്പെട്ട 22 സംസ്ഥാനങ്ങളില്‍ ശിശുമരണനിരക്കില്‍ അഞ്ചുശതമാനത്തില്‍ താഴെയുള്ളത് കേരളത്തില്‍ മാത്രമാണ്. നവജാതശിശുക്കളുടെ മരണനിരക്ക് സംസ്ഥാനത്ത് 3.4 ശതമാനവും ശിശുമരണനിരക്ക് 4.4 ശതമാനവുമാണ്. ആരോഗ്യരംഗത്ത് പുരോഗതിയുണ്ടായിട്ടും ആന്ധ്ര30.3, ഗുജറാത്ത്31.2, കര്‍ണാടക25.4 എന്നിവിടങ്ങളില്‍ ഉയര്‍ന്ന ശിശുമരണനിരക്കുണ്ട്.
ശൈശവവിവാഹ നിരക്കും കേരളത്തില്‍ കുറവാണ്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ ശതമാനനിരക്ക് ആന്ധ്രാപ്രദേശ്29.3, ഗുജറാത്ത് 21.8, കര്‍ണാടക 21.3 എന്നിങ്ങനെയാണ്. എന്നാല്‍, കേരളത്തില്‍ 6.3 ശതമാനം മാത്രം.
2016ല്‍ 1049 സ്ത്രീകളും 1000 പുരുഷന്മാരും എന്ന നിലയിലായിരുന്നു കേരളം. ഇപ്പോള്‍ സ്ത്രീപുരുഷാനുപാതം 1121/1000 എന്നതിലേക്കെത്തി. സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നത് പെണ്‍കുഞ്ഞുങ്ങളോടുള്ള മനോഭാവത്തിലെ മാറ്റം മൂലമെന്നാണ് കരുതുന്നത്.
വൈദ്യുതീകരിച്ച വീടുകളുടെയും പാചകവാതക ഉപയോഗത്തിന്റെയും കാര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും കേരളത്തിനൊപ്പമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതീകരണ പദ്ധതികളും സൗജന്യപാചകവാതക വിതരണവും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയതിനാലാണിത്.