KERALALATEST

ഇബ്രാഹിം കുഞ്ഞിനെ ലേക് ഷോറില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ പിന്‍വലിച്ചു, ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യം

കൊച്ചി: വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ പിന്‍വലിച്ചു. ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് കോടതി നി!യോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നല്‍കാന്‍ എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ സര്‍ക്കാര്‍ അശുപത്രികളില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ അഭാവമുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
ഈ മാസം 19ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനറല്‍ ആശുപത്രിയിലെ 5 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് പാനലിലുള്ളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related Articles

Back to top button