കൊച്ചി/ തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അര്‍ബുദചികിത്സയില്‍. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡാണ് തൊടുപുഴയിലെ വിജിലന്‍സ് കോടതിയില്‍ മുന്‍മന്ത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ഈ മാസം 19-ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇബ്രാഹിംകുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിക്കാമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ ഉടന്‍ വിജിലന്‍സ് കസ്റ്റഡിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ വിടാനാകില്ലെന്ന് തൊടുപുഴ വിജിലന്‍സ് കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലാക്കാനുള്ള ആരോഗ്യസ്ഥിതി വി കെ ഇബ്രാഹിംകുഞ്ഞിനില്ല. ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
ആരോഗ്യസ്ഥിതി അടക്കം ചൂണ്ടിക്കാട്ടി, ഇബ്രാഹിംകുഞ്ഞ് കേസില്‍ ജാമ്യം തേടി നല്കിയ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി. അതിന് മുമ്പ് ആശുപത്രി മാറ്റുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കണമെന്നും, കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ ബോര്‍ഡിന്റെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ്. ജനറല്‍ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് പാനലിലുള്ളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.