കോഴിക്കോട്: സുഗന്ധവിളകളുടെ കയറ്റുമതി കോവിഡ് ലോക്ഡൗണ്‍ കാലത്തും കുതിച്ചുയര്‍ന്നുവെന്ന്
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉപദേശക സമിതി ചെയര്മാന് ഡോ. എന്‍.കെ കൃഷ്ണകുമാര്‍. സുഗന്ധവിളകളുടെ കയറ്റുമതിയില്‍ 2015 16 കാലത്തേക്കാള്‍ 56.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സുഗന്ധവിളകളുടെ കാര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് ഗവേഷണത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ഒന്‍പതാം ഗവേഷണ ഉപദേശകസമിതിയുടെ ആദ്യ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഗന്ധവിളകള്‍ക്കു ആരോഗ്യസംരക്ഷണത്തിലുള്ള പങ്കിനെ കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണെന്ന് ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. സന്തോഷ് ജെ ഈപ്പന് പറഞ്ഞു. ലോകം മുഴുവന്‍ സുഗന്ധവിളകളെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമായി കണക്കാക്കാന്‍ തുടങ്ങിയെന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിദഗ്ദ്ധര്‍ ദ്വിദിന യോഗത്തില്‍ പങ്കെടുത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുഗന്ധവിളകള്‍ക്കു ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പങ്കും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ‘റിസര്‍ച്ച് ഹൈലൈറ്റ്സ് 2019’ന്റെ പ്രകാശനം സമിതി ചെയര്മാന് ഡോ. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ഡോ. യു സി ശ്രീവാസ്തവ, ഡോ. സന്തോഷ് ജെ ഈപ്പന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഡോ. വിക്രമാദിത്യ പാണ്ഡെ (അസി. ഡയറക്ടര്‍ ജനറല്‍ ഐ സി എ ആര്), സമിതി അംഗങ്ങളായ ഡോ. വി സി മാത്തൂര്‍, ഡോ. ജിതേന്ദ്ര കുമാര്‍, ഡോ. വി ജി മാലതി, ഡോ. എച്ച് ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകരെ പ്രതിനിധീകരിച്ചു ടി പി ജയചന്ദ്രന്, നഞ്ജുണ്ട ബോജന് എന്നിവരും സംസാരിച്ചു.