WEEKEND SPECIAL

ഐഡ സ്‌കഡര്‍

അബു ജുമൈല

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മിഷന്‍ ആശുപത്രികളില്‍ ഒന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്. 1918ല്‍ പതിനേഴു കുട്ടികളുമായി ഐഡ സോഫിയാ സ്‌കഡര്‍ സ്വയം പഠിപ്പിക്കാന്‍ ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ ആതുരസേവനവുമായി ബന്ധപ്പെട്ട 175ലധികം കോഴ്‌സുകള്‍ പഠിപ്പിക്കുന്ന, ദിനംപ്രതി എണ്ണായിരത്തില്‍ അധികം രോഗികളെ ചികിത്സിക്കുന്ന ഒരു മഹാപ്രസ്ഥാനമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നും ഏഷ്യയിലെ ഏറ്റവും വലിയ മിഷന്‍ ആശുപത്രികളില്‍ ഒന്നുമായ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് ഐഡ സോഫിയാ സ്‌കഡര്‍ എന്ന വിദേശ വനിതയാണ്.
മിഷനറി പ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ എത്തിയ ആദ്യത്തെ അമേരിക്കക്കാരന്‍ ആണ് റവ. ജോണ്‍ സ്‌കഡര്‍. ഏഷ്യയിലെ ആദ്യത്തെ വെസ്റ്റേണ്‍ മെഡിക്കല്‍ മിഷന്‍ സ്ഥാപിച്ച ആളായിരുന്നു അദ്ദേഹം. അമേരിക്കയിലെ ഞലളീൃാലറ ഇവൗൃരവല്‍ അംഗമായിരുന്ന അദ്ദേഹത്തോടൊപ്പം ഭാര്യയും എട്ടു മക്കളും ഇന്ത്യയില്‍ താമസം ആരംഭിക്കുകയും മിഷനറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ഡോക്ടര്‍ ജോണ്‍. പിതാവിനെപോലെ തന്നെ ഞലളീൃാലറ ഇവൗൃരവല്‍ അംഗമായിരുന്ന ഡോക്ടര്‍ ജോണ്‍ സ്‌കഡര്‍ന്റെയും സോഫിയയുടെയും മകളാണ് പില്‍ക്കാലത്ത് ലോകത്തിലെ പ്രമുഖരായ അഞ്ചു വനിതാ ഡോക്ടര്‍മാരില്‍ ഒരാളായി മാറിയ ഐഡ സ്‌കഡര്‍ എന്ന ഐഡ സോഫിയാ സ്‌കഡര്‍.
ഡോക്ടര്‍ ജോണിന്റെ ആറു മക്കളില്‍ ഒരാളായി 1870 ഡിസംബര്‍ ഒന്‍പതാം തിയതി തമിഴ്നാട്ടിലെ റാണിപെട്ടില്‍ ആണ് ഐഡ ജനിച്ചത്. അക്കാലത്ത് ദാരിദ്ര്യവും ക്ഷാമവും ഇടയ്ക്കിടെ ചില പകര്‍ച്ചവ്യാധികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പതിവായിരുന്നു. കൂടുതല്‍ നല്ല വിദ്യാഭാസം കിട്ടുന്നതിനായി എട്ടാമത്തെ വയസ്സില്‍ ഐഡയെ അമേരിക്കയിലെ മസാച്ചുസെറ്റ് ലെ നോര്‍ത്ത്ഫീല്‍ഡ് സെമിനാരിയില്‍ ചേര്‍ത്തു.. അവിടെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചിരുന്ന ഐഡക്ക് മിഷണറി പ്രവര്‍ത്തനങ്ങളിലോ ആതുരസേവനത്തിലോ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കുട്ടികളെപോലെ വിദ്യാഭ്യാസത്തിനു ശേഷം വിവാഹം കഴിച്ചു കുടുംബമായി ജീവിക്കാന്‍ ആയിരുന്നു ഐഡയുടെ ആഗ്രഹം.. മിഷനറി പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന ഡോ. ജോണ്‍ സ്‌കഡര്‍ ഒരു മെഡിക്കല്‍ മിഷന്‍ സ്ഥാപിച്ചു ചികിത്സ നടത്തി വരുകയായിരുന്നു അപ്പോള്‍.
1890 ല്‍ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞു ഐഡ ഇന്ത്യയിലെത്തി. അമ്മയെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ഐഡ അമ്മയെ ശുശ്രൂഷിക്കുകയും അച്ഛനെ സഹായിക്കുകയും ചെയ്തു കൊണ്ട് കുറച്ചുനാള്‍ ഇന്ത്യയില്‍ താമസിച്ചു. ആയിടെ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് ഐഡയുടെ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. ഗ്രാമീണരായ ചില ആളുകള്‍ ഒരു ദിവസം ഐഡയെ സമീപിച്ച് അവരുടെ ഭാര്യമാര്‍ പ്രസവവേദന കൊണ്ട് വിഷമിക്കുകയാണെന്നും അവരെ ശുശ്രൂഷിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രസവശുശ്രൂഷ തനിക്കറിയില്ലെന്നും അത്‌കൊണ്ട് പിതാവായ ഡോ.ജോണിന്റെ സഹായം തേടണമെന്നും ഐഡ ആവശ്യപ്പെട്ടെങ്കിലും യാഥാസ്ഥിതികരായ ഗ്രാമീണര്‍ തങ്ങളുടെ ഭാര്യമാരെ പുരുഷനായ ഡോക്ടറെകൊണ്ട് ചികിത്സിപ്പിക്കാന്‍ തയാറല്ലായിരുന്നു. ശുശ്രൂഷ ലഭിക്കാതെ ആ സ്ത്രീകള്‍ മരണമടഞ്ഞു എന്ന് അറിഞ്ഞ ഐഡയെ അത് വല്ലാതെ വേദനിപ്പിച്ചു. അക്കാലത്ത് സാധാരണ അസുഖങ്ങള്‍ക്ക് പോലും പുരുഷ ഡോക്ടര്‍മാരുടെ ചികിത്സ തേടാന്‍ യാഥാസ്ഥിതികരായ സ്ത്രീകള്‍ പലരും വിസമ്മതിച്ചിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു തീരുമാനിച്ച ഐഡ 1895 ല്‍ അമേരിക്കയിലെക്കു തിരിച്ചുപോയി . 1899ല്‍ ന്യൂയോര്‍ക്കിലെ കോര്‍്‌ണേല്‍ മെഡിക്കല്‍കോളേജില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. വനിതകള്‍ക്കായുള്ള ആദ്യ ബാച്ച് ആയിരുന്നു അത്. ഇതാണ് തന്റെ നിയോഗം എന്ന് നിശ്ചയിച്ച ഐഡ പിന്നീടുള്ള ജീവിതം മുഴുവന്‍ ഇന്ത്യയിലെ സ്ത്രീകളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഉഴിഞ്ഞുവെച്ചു.
തിരികെ ഇന്ത്യയില്‍ എത്തിയ ഐഡക്ക് അച്ഛന്‍ സ്ഥാപിച്ച മെഡിക്കല്‍ മിഷനില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണം എന്നായിരുന്നു ആഗ്രഹം.. എന്നാല്‍ ഐഡ എത്തി മാസങ്ങള്‍ക്കുള്ളില്‍ ഡോ. ജോണ്‍ സ്‌കഡര്‍ മരണപ്പെട്ടപ്പോള്‍ ഐഡ തനിച്ചു മെഡിക്കല്‍ മിഷന്‍ നടത്തേണ്ടി വന്നു. ആശുപത്രിയുടെ ധനശേഖരണത്തിനായി ഐഡ ലോകത്തിന്റെ പല ഭാഗത്തുമുള്ള സമ്പന്നരായ പലരേയും സമീപിച്ചു. ഐഡയെ ആദ്യം സഹായിച്ചത് ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ ബാങ്ക് ഉടമയായ റോബര്‍ട്ട് ഷെല്‍ ആണ്. അദ്ദേഹം തന്റെ മരണപ്പെട്ട ഭാര്യ മേരി ടാബെര്‍ ഷെല്‍ന്റെ ഓര്‍മ്മക്കായി പതിനായിരം ഡോളര്‍ സംഭാവനയായി നല്‍കി. ആ പണം കൊണ്ട് വെല്ലൂര്‍ മിഷന്‍ ബംഗ്ലാവിന്റെ ഒരു മുറിയില്‍ ഡിസ്‌പെന്‍സറി തുടങ്ങി. ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് ഐഡ സാധാരണക്കാര്‍ക്കിടയില്‍ പെട്ടെന്ന് പ്രശസ്തയായി. ആയിടെ പടര്‍ന്നുപിടിച്ച പ്ലേഗില്‍നിന്നും ജനങ്ങളെ രക്ഷിക്കാനായി ഐഡ കഠിനമായി പരിശ്രമിച്ചു. തന്നെ സഹായിക്കുന്നതിനായി ഐഡ തനിയെ കുറച്ചു പേരെ പരിശീലിപ്പിച്ച് അസിസ്റ്റന്റുമാരാക്കി. അവരുടെ സഹായത്തോടെ അത്യാവശ്യ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങി. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ഐഡ രണ്ടു വര്‍ഷം കൊണ്ട് അയ്യായിരം പേരെ ചികിത്സിച്ചു സുഖപ്പെടുത്തി.
സ്ത്രീകള്‍ക്ക് കൂടുതല്‍ ചികിത്സ ലഭ്യമാക്കുന്നതിനായി 1902 മേരി ടാബെര്‍ ഷെല്‍ന്റെ സ്മരണാര്‍ത്ഥം ങഅഞഥ ഠഅആഋഞ ടഒഋഘഘ ഒഛടജകഠഅഘ സ്ഥാപിച്ചു. 1907ല്‍ ഒരു നേഴ്‌സറി സ്‌കൂളും ഒരു ഫാര്‍മസി സ്‌കൂളും ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു മെഡിക്കല്‍കോളേജ് സ്ഥാപിക്കുക എന്നതായിരുന്നു ഐഡയുടെ പിന്നീടുള്ള ലക്ഷ്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി 1918 ല്‍ ആ ആഗ്രഹം സാക്ഷാല്‍കരിച്ചു. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായ വെല്ലൂരില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ടു. 1928 ആയപ്പോഴേക്കും നിരവധി വാര്‍ഡുകളും ഡിസ്‌പെന്‍സറിയും ഒക്കെയുള്ള ആശുപത്രിയുടെ പ്രശസ്തി ഇന്ത്യ മുഴുവന്‍ വ്യാപിച്ചു തുടങ്ങിയിരുന്നു. 1928 ല്‍ ഗാന്ധിജി വെല്ലൂര്‍ ആശുപത്രി സന്ദര്‍ശിച്ചു. 1932 ആയപ്പോഴേക്കും വെല്ലൂര്‍ ടൗണില്‍ നിന്നും കുറച്ച് അകലെയായി ഹോസ്റ്റലുകളും ചാപ്പലും ലബോറട്ടറിയും ഉള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1935ല്‍ ഐഡ സ്‌കഡര്‍ന്‍ ഡിഎസ്‌സി എന്ന ഓണററി ബിരുദം ലഭിച്ചു. 1938ല്‍ ആണ് മെഡിക്കല്‍ ബിരുദങ്ങള്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മാത്രമേ കൊടുക്കാവു എന്ന ഗവന്മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് മെഡിക്കല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് എന്ന് നാമകരണം ചെയ്തത്. 1942ല്‍ ങ ആ ആ ട ആരംഭിച്ചു
1939 ല്‍ കൈസര്‍ ഇ ഹിന്ദ് എന്ന പുരസ്‌കാരം നല്‍കി രാജ്യം ഐഡയെ ആദരിച്ചു. 1945 ആയപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് കൂടി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നല്‍കിത്തുടങ്ങി. 1946 ഇന്ത്യയിലെ ആദ്യത്തെ നഴ്‌സിംഗ് കോളേജ് സ്ഥാപിച്ചു. 1948ല്‍ കുഷ്ഠരോഗ ചികില്‍സയ്ക്കായി ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി. 1952ല്‍ ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ അഞ്ച് വനിതാ ഡോക്ടര്‍മാരില്‍ ഒരാളായി ഐഡ സ്‌കഡര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1953ല്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ അലക്‌സാണ്ടര്‍ ഫ്‌ളമിംഗ് വെല്ലൂര്‍ ആശുപത്രിയില്‍ ഐഡയെ സന്ദര്‍ശിക്കുകയും അഞ്ഞൂറ് കുട്ടികള്‍ക്ക് രണ്ടു ദിവസം ക്ലാസ് എടുക്കുകയും ചെയ്തു. 1960 മെയ് ഇരുപത്തിനാലാം തിയതി 90 മത്തെ വയസ്സില്‍ ഇന്ത്യയില്‍ വെച്ച് ഐഡ സ്‌കഡര്‍ മരണപ്പെട്ടു. അപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ മിഷന്‍ ആശുപത്രികളില്‍ ഒന്നായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വളര്‍ന്നിരുന്നു. 1961ല്‍ ഇന്ത്യയില്‍ ആദ്യമായി വെല്ലൂര്‍ ആശുപത്രിയില്‍ വെച്ച് ഓപണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തി. 1965 ല്‍ അലക്‌സാണ്ടര്‍ ഫ്‌ലമിംഗ് മെമോറിയല്‍ വൈറോളജി ലാബ് സ്ഥാപിച്ചു. ഇന്ത്യയില്‍ ആദ്യമായി കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി (1971) നടത്തിയതും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ (1986) നടത്തിയതും വെല്ലൂര്‍ ആശുപത്രിയില്‍ ആണ്. 2002ല്‍ ആശുപത്രിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐഡ സ്‌കഡര്‍നോടുള്ള ആദരസൂചകമായി ഇന്ത്യന്‍ തപാല്‍ വകുപ്പ് അവരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. 2003 ആയപ്പോള്‍ 2000 കിടക്കകളും അത്യന്താധുനിക സൗകര്യങ്ങളുമുള്ള, ഇന്ത്യയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വളര്‍ന്നു.
1918ല്‍ പതിനേഴു കുട്ടികളുമായി ഐഡ സ്‌കഡര്‍ സ്വയം പഠിപ്പിക്കാന്‍ ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ ആതുരസേവനവുമായി ബന്ധപ്പെട്ട 175 ലധികം കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ദിനംപ്രതി എണ്ണായിരത്തില്‍ അധികം രോഗികളെ ചികിത്സിക്കുന്ന ഒരു മഹാപ്രസ്ഥാനമാണ്. ഇപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മിഷന്‍ ആശുപത്രികളില്‍ ഒന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഇവിടെ സേവനം അനുഷ്ടിക്കുന്നു
ഇന്ത്യയിലെ ആതുരശുശ്രൂഷാ രംഗത്ത് എന്നെന്നും സ്മരിക്കപ്പെടേണ്ട പേരാണ് ഐഡ സോഫിയാ സ്‌കഡര്‍.

Tags

Related Articles

Back to top button
Close