BREAKING NEWSKERALANEWS

ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി, വാഗമണ്ണില്‍ കാര്‍ ഒലിച്ചുപോയി ഒരു മരണം, പത്തനംതിട്ടയിലും എറണാകുളത്തും ജാഗ്രത

ഇടുക്കി/ എറണാകുളം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴ വന്‍ നാശം വിതച്ചു. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്ത്് ഉരുള്‍പൊട്ടി. പീരുമേട്ടില്‍ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനാണ് മരിച്ചത്. അനീഷ് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്.
പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകടസാധ്യതാമേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 65 ക്യുമെക്‌സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മൂന്നാറില്‍ കനത്ത മഴയാണ്. മൂന്നാര്‍ ഗ്യാപ് റോഡില്‍ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഈ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഇക്കാനഗറില്‍ അഞ്ച് വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയരുന്നതില്‍ നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തുന്നുമുണ്ട്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവര താത്കാലിക പാലം ഒലിച്ചുപോയി. ഈ വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചു. രാജാക്കാട്, രാജകുമാരി, മാങ്കുളം മേഖലകളില്‍ മൂന്ന് ദിവസമായി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ട എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എറണാകുളത്ത് രണ്ടിടങ്ങളിലായി ഇന്നലെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ രണ്ടിടങ്ങളിലായി വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. നായരമ്പലം സ്വദേശി സന്തോഷ് വൈപ്പിന്‍ സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊവിഡ് രൂക്ഷമായ ചെല്ലാനം ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നു.
കോതമംഗലം കടവൂരിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവര്‍ത്തിക്കും. 30 കുടുംബങ്ങള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്തനംതിട്ടയില്‍ ഓഗസ്റ്റ് പത്താം തീയതി വരെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. മഞ്ഞ അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഒഴിവാക്കാനാണ് നടപടി. ജില്ലയില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലര്‍ട്ടാണ് പത്തനംതിട്ട മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റിമീറ്റര്‍ ഉയര്‍ത്തി. കക്കട്ടാറില്‍ ഒരു മീറ്റര്‍ വരെയും പമ്പയാറില്‍ 80 സെന്റീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. 51.36 ക്യൂമെക്‌സ് നിരക്കില്‍ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടില്‍ ജലനിരപ്പ് 192.63 മീറ്ററായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker