കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഞായറാഴ്ച യുനൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിനെ നേരിടും. ഉച്ചയ്ക്ക് 1.30നു പശ്ചിമബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.
123 വര്‍ഷം പഴക്കമുള്ള ഐഎഫ്എ ഷീല്‍ഡില്‍ കേരളത്തില്‍ നിന്നുമുള്ള ഒരു ക്ലബും മുത്തമിട്ടിട്ടില്ല. 1997ല്‍ ഫൈനലില്‍ എത്തിയ എഫ് സി കൊച്ചിന്റെതാണ് കേരള ക്ലബ്ബുകളില്‍ ഇതേവരെയുള്ള ഏറ്റവും മികച്ച പ്രകടനം.
കഴിഞ്ഞ വര്‍ഷം ഗോകുലം കേരള എഫ് സി ചരിത്രപ്രധാനമായ ഡ്യൂറന്‍ഡ് കപ്പ് വിജയിച്ചിരുന്നു. കപ്പടിച്ച് സീസണ് തുടങ്ങാം എന്ന ആത്മവിശ്വാസത്തോടെയാണ് ക്ലബ് കളത്തില്‍ ഇറങ്ങുന്നത്.
ഇറ്റലിക്കാരന് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസ് ആണ് ഗോകുലത്തിന്റെ പരിശീലകന്. അദ്ദേഹത്തിന്റെ കീഴില്‍ കോഴിക്കോട് നടന്ന പ്രീസീസണ് ക്യാമ്പില്‍ നിന്നു തെരഞ്ഞെടുത്ത സംഘമാണ് കൊല്‍ക്കത്തയില്‍ ഡിസംബര്‍ 2ന് എത്തിയത്.
ഈ സീസണിലെ ആദ്യ മത്സരത്തിന് ടീം പരമാവധി തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഐ എഫ് എ ഷീല്‍ഡ് ജയിക്കുക എന്നതാണ് ലക്ഷമെന്നും വിന്‍സെന്‍സോ പറഞ്ഞു.
ഐ എഫ് എ ഷീല്‍ഡ് കഴിഞ്ഞാല്‍ ഐ ലീഗിനായി ടീം കൊല്‍ക്കത്തയില്‍ തുടരും. ഐ എഫ് എ ഷീല്‍ഡിനു 24അംഗ സ്ക്വാഡ് ആണ് ഗോകുലത്തിന്റേത്. ഐ എഫ് എ ഷീല്‍ഡിന് മൂന്നു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതുകൊണ്ടു അഫ്ഗാന് താരം മുഹമ്മദ് ഷരീഫിനെ ടീമില്‍ ഉള്‍പ്പെടുത്താനായില്ല.
ഗോകുലം നിരയില്‍ പത്തു മലയാളി കളിക്കാരാണുള്ളത്. ടീം: ഗോള്‍കീപ്പര്‍: സി കെ ഉബൈദ്, വി ഭാസ്കരന്, പി എ അജ്മല്‍.
പ്രതിരോധം: റോവില്‍സണ്‍ റോഡ്രിഗസ്, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിന് ജോര്‍ജ്, നവോച്ച സിംഗ്, സോഡിങ്ലിയാന, സെബാസ്റ്റ്യന്‍, അശോക് സിംഗ്, മുഹമ്മദ് അവാല്‍ (ക്യാപ്റ്റന്‍).
മധ്യനിര: മുഹമ്മദ് റാഷിദ്, ഷിബില്‍ മുഹമ്മദ്, മുത്തു ഇരുളാണ്ടി മായാകണ്ണന്‍, സല്മാന് കെ, വിന്‍സി ബാരെറ്റോ, താഹിര്‍ സമാന്, എം എസ് ജിതിന്.
മുന്നേറ്റം: എമില്‍ ബെന്നി, സാലിയോ ഗുയിണ്ടോ, ഡെന്നിസ് ആഗ്യരെ, റൊണാള്‍ഡ് സിംഗ്, ലാല്‍റോമാവിയ.