BREAKINGINTERNATIONAL

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി പാകിസ്താന്‍; രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ പിടിഐയെ(പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി) നിരോധിക്കാന്‍ ഒരുങ്ങി ഭരണകൂടം.പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കൂടിയാണ് ഇമ്രാന്‍ ഖാന്റെ
പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി.
മെയ് ഒമ്പതിലെ കലാപം, വിദേശ ഫണ്ടിങ് കേസ്, അമേരിക്കയില്‍ പാസാക്കിയ പ്രമേയം തുടങ്ങിയവയില്‍ പിടിഐയ്ക്കുള്ള പങ്ക് സംബന്ധിച്ച വിശ്വസനീയമായ തെളിവുള്ള സാഹചര്യത്തിലാണ് നിരോധനമെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. അന്താരാഷ്ട്ര നാണയനിധിയുമായി പാകിസ്താന്‍ ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാനും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ശ്രമിച്ചുവെന്നാണ് ആരോപണം.രാജ്യംമുന്നോട്ടേക്ക് പോകണമെങ്കില്‍ പിടിഐ ഉണ്ടാകാന്‍ പാടില്ല. പിടിഐയും രാജ്യവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയിലെ ചട്ടം 17-പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ വംശജനായ യുഎസ് പൗരനില്‍ നിന്ന് പിടിഐ പണം കൈപ്പറ്റിയെന്നാണ് വിദശേ ഫണ്ടിങുമായി ബന്ധപ്പെട്ട ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ ഇതുവരെ പിടിഐക്ക് ആയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ ദേശീയ താത്പര്യങ്ങളെ ലക്ഷ്യംവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button