ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മാറ്റങ്ങള്‍. നികുതി അടിത്തറ വിപുലീകരിക്കുന്നതിന്, 20,000 രൂപയില്‍ കൂടുതല്‍ ഹോട്ടല്‍ പേയ്മെന്റുകള്‍, 50,000 രൂപയില്‍ കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, 20,000 രൂപയില്‍ കൂടുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ് എന്നിവയും നികുതി അക്കൗണ്ടില്‍ പ്രതിഫലിക്കും.കൂടാതെ, പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ കൂടുതല്‍ സംഭാവന / സ്കൂള്‍ / കോളേജ് ഫീസ് അടയ്ക്കുന്നത്, വിദേശ യാത്ര, ആഭ്യന്തര ബിസിനസ് ക്ലാസ് വിമാന യാത്ര, വൈറ്റ് ഗുഡ്സ് (ഉദാ: ടി വി), ആഭരണങ്ങള്‍, ഒരു ലക്ഷത്തിലധികം രൂപയുള്ള പെയിന്റിംഗുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവയെല്ലാം സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്റെ (എസ്എഫ്ടി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കായെല്ലാം നല്കുന്ന തുക വ്യക്തികളുടെ നികുതിക അക്കൗണ്ട് സ്റ്റേറ്റ്മെന്റായ ഫോം 26 എഎസില്‍ പ്രതിഫലിക്കും. നികുതി ദായകന് ആദായനികുതി വകുപ്പിന്റെ ഇഫയലിങ് പോര്‍ട്ടലില്‍നിന്ന് ഫോം 26 എഎസ് ഡൗണ്‍ലോഡ് ചെയ്ത് നോക്കിയാല്‍ നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ ലഭിക്കും. പുതിയനീക്കം ഓരോരുത്തരും നടത്തിയ ചെറിയ ഇടപാടുകളെപ്പോലും നിരീക്ഷിക്കുന്നതിന് ആദായനികുതി വകുപ്പിനെ സഹായിക്കും.
നികുതിദായകരെ സഹായിക്കുന്നതിനായി ‘സുതാര്യ നികുതിപരിവ് സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്ഫോം കൊണ്ടുവരികയും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതിനോടൊപ്പമാണ് പുതിയ പരിഷ്കരണവും പ്രഖ്യാപിച്ചത്.ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തന സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഫെയ്സ്ലെസ്സ് ഇഅസസ്മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. നികുതിദായകര്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫെയ്സ്ലെസ്സ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25ഓടെ നിലവില്‍വരും.ഇന്ത്യയിലെ നികുതി സമ്പ്രദായത്തില്‍ അടിസ്ഥാന പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ മോദി, നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും കഠിനമല്ലാത്തതും നേരില്കാണാത്തുമായി മാറ്റുന്നതിനാണ് തന്റെ സര്‍ക്കാരിന്റെ ശ്രമമെന്നും പറഞ്ഞു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 1.5 കോടി പൗരന്മാര് മാത്രമാണ് നികുതി അടയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടാത്ത പൗരന്മാര് മുന്നോട്ട് വന്ന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ‘നികുതി അടയ്ക്കാന്‍ കഴിവുള്ളവരില്‍? പലരും ഇതിന്റെ പരിധിയില്‍ വന്നിട്ടില്ല. അവര്‍ സ്വയം മുന്നോട്ട് വരണം, ഇതാണ് എന്റെ അഭ്യര്‍ത്ഥനയും പ്രതീക്ഷയും,’ എന്നായിരുന്നു മോദി പറഞ്ഞത്.
36 1 minute read