BREAKING NEWSNATIONAL

ഗാല്‍വന്‍ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് സമിതി

വാഷിങ്ടണ്‍: 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഗാല്‍വന്‍ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യുഎസ്‌സിസി) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 ജൂണിലാണ് ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്.
ജപ്പാന്‍ മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഗാല്‍വാന്‍ സംഭവം അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാധ്യതപോലും ചൈന മുന്നില്‍ക്കണ്ടിരുന്നുവെന്നാണ് യു.എസ് സമിതി പറയുന്നത്.
ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കിഴക്കന്‍ ലഡാക്കിന് സമീപമാണ് ഗാല്‍വന്‍ താഴ്‌വര. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്കൊടുവിലാണ് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
1975 നുശേഷം ഇരുഭാഗത്തും ആള്‍നാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിര്‍ത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്ത്യന്‍ ഭൂപ്രദേശം കൈയടക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ സീനിയര്‍ ഫെലോ തന്‍വി മദനെ ഉദ്ധരിച്ചുകൊണ്ട് യു.എസ് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നീക്കം ഫലംകാണുമെന്ന് ചൈന കണക്കുകൂട്ടിയിരുന്നു. അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ടാണ് യഥാര്‍ഥ നിയന്ത്രണ രേഖയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന തടഞ്ഞത്. എന്നാല്‍ ചൈനയുടെ നീക്കങ്ങളെല്ലാം പാളി.
യു.എസ് ചൈന വ്യാപാര യുദ്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. സംഘര്‍ഷമുണ്ടാകുന്നതിന് ഒരാഴ്ചമുമ്പ് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ ആയിരത്തോളം പിഎല്‍എ സൈനികരുടെ സാന്നിധ്യം ഗാല്‍വന്‍ താഴ്‌വരയിലുണ്ടെന്നകാര്യം വ്യക്തമായിരുന്നു.
ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഷി ജിന്‍പിങ് 2012 ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം അഞ്ച് തവണയാണ് വന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നും യു.എസ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Back to top button