ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷസ്ഥിതി തുടരുകയാണ്. ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി കൂട്ടിക്കഴിഞ്ഞു. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന നല്‍കിയത്.