സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ 24 റണ്‍സിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ 92 റണ്‍സ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 205. ഓസ്ട്രേലിയ 20 ഓവറിൽ ഏഴു വിക്കറ്റിന് 181.
ഓസ്ട്രേലിയയുടെ സെമി പ്രവേശനം ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലം അനുസരിച്ചാകും. അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഓസീസ് പുറത്താകും.നിർണായ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. അർഷ്ദീപ് സിംഗ് മൂന്നും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറെ (ആറ്) നഷ്ടമായി. പിന്നീട് ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഓസീസ് സ്കോർ ഉയർന്നു. 81 റണ്‍സ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
28 പന്തിൽ 37 റണ്‍സുമായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച മാർഷിനെ ബൗണ്ടറി ലൈനിനരുകിൽവച്ച് മികച്ചൊരു ഒറ്റക്കൈ ക്യാച്ചിൽ അക്സർ പട്ടേൽ പിടികൂടി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഹെഡിനൊപ്പം ഗ്ലെൻ മാക്സ് വെല്ലും ചേർന്ന് റണ്‍ ഉയർത്തിക്കൊണ്ടിരുന്നു. മാക്സ്വെല്ലിനെ (12 പന്തിൽ 20) ക്ലീൻബൗൾഡാക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ആശ്വാസം നൽകി.
അക്സർ പട്ടേലിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത മാർക്സ് സ്റ്റോയിനിസ് പന്ത് നേരെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് പുറത്തേക്കു നടന്നു. വൈകാതെ 43 പന്തിൽ നാലു സിക്സും ഒന്‍പത് ഫോറും സഹിതം 76 റണ്‍സ് നേടിയ ഹെഡ് പുറത്തായതോടെ ഓസീസ് തോൽവിയിലേക്കു പതിച്ചു.
ഇന്ത്യയെ ബാറ്റിംഗിനു വിടാനുള്ള തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതു പോലെയായിരുന്നു ഓസീസ് ബൗളർ തുടങ്ങിയത്. രണ്ടാം ഓവറിൽ റണ്ണൊന്നുമെടുക്കാതെ നിന്ന വിരാട് കോഹ്ലിയെ ജോഷ് ഹെയ്സൽവുഡ് ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു.