BREAKING NEWSNATIONAL

ഇന്ത്യയുടെ 1000 ചതുരശ്ര കി.മീ ഭൂമി ചൈനയുടെ പിടിയിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഇന്ത്യയുടെ 1000 ചതുരശ്ര കിലോമീറ്ററോളം ഭൂമി ചൈനയുടെ കൈവശമാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ – മേയ് കാലം മുതല്‍ ചൈന പ്രദേശത്ത് വലിയ തോതിലുള്ള സൈനിക മുന്നേറ്റം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദെപ്‌സാങ് സമതലത്തോടു ചേര്‍ന്ന് പട്രോളിങ് പോയിന്റ് 10 മുതല്‍ 13 വരെയുള്ള പ്രദേശത്ത് ഇന്ത്യയുടെ സ്വന്തമായ 900 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി ചൈന കൈവശപ്പെടുത്തിയെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ദി ഹിന്ദു റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തിലുണ്ടായ ചൈനീസ് പ്രകോപനത്തില്‍ 20 ഇന്ത്യന്‍ സൈനികരായിരുന്നു ഗാല്‍വന്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടത്. അതിനു മൂന്നു മാസത്തിനു ശേഷമാണ് തര്‍ക്കമേഖലയായ പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള ചൈനയുടെ പുതിയ കടന്നു കയറ്റം. ദെപ്‌സാങ് താഴ്വര മുതല്‍ ചുഷുല്‍ വരെയുള്ള പ്രദേശത്ത് ചൈന യഥാര്‍ഥ നിയന്ത്രണരേഖയില്‍ ആസൂത്രിതമായ കടന്നു കയറ്റമുണ്ടായിട്ടുണ്ടെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാക്കുകള്‍.
ഗാല്‍വന്‍ താഴ്‌വരയില്‍ 20 ചതുരശ്ര കിലോമീറ്ററും ഹോട്ട്‌സ്പ്രിങ്‌സ് മേഖലയില്‍ 12 ചതുരശ്ര കിലോമീറ്ററും ഭൂമി ചൈനയുടെ കൈവശമാണെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അതേസമയം, പാങ്ങോങ് തടാക മേഖലയില്‍ 65ഉം ചുഷൂലില്‍ 20ഉം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ലഡാക്ക് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ സൈനികതലത്തിലും നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. നിലവിലുള്ള ചര്‍ച്ചകള്‍ പാതി വിജയം കണ്ടതിനെത്തുടര്‍ന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യവും പിന്‍മാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതോടെ ഇരുസൈന്യങ്ങള്‍ക്കും ഇടയില്‍ ഒരു സമാധാനമേഖല’ നിലവില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാങ്ങോങ് തടാകത്തിനു സമീപം ഫിംഗര്‍ 4 മുതല്‍ എട്ട് വരെയുള്ള പ്രദേശത്ത് വലിയൊരു ഭൂപ്രദേശം ചൈനീസ് സൈന്യം കൈയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും പട്രോളിങ് നടത്തുന്ന ഈ മേഖലയിലാണ് പുതിയ കൈയേറ്റങ്ങള്‍.
ഗാല്‍വന്‍ താഴ്വരയിലുണ്ടായ രക്തച്ചൊരിച്ചിലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലും പാങ്ങോങ് തടാകമേഖലയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേര്‍ക്ക് ചൈനീസ് സൈന്യത്തിന്റെ 200 വാഹനങ്ങള്‍ അടങ്ങുന്ന വാഹനവ്യൂഹമെത്തിയെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്നലെ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തെ തടഞ്ഞ ഇന്ത്യന്‍ സൈനികരുമായി കുറച്ചു സമയം തര്‍ക്കമുണ്ടായെങ്കിലും പിന്നീട് ചൈനീസ് സൈന്യം പിന്തിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ലഡാക്ക് മേഖലയില്‍ പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണെന്നും ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്മാറണമെന്നുമാണ് ചൈനീസ് സൈനിക വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Related Articles

Back to top button