മുംബൈ: കള്ളനോട്ടുകള്‍ തടയാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കലിനു ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടിന്റെ വ്യാജപതിപ്പ് കണ്ടെത്തുന്നതില്‍ 37.5 ശതമാനം വര്‍ധന. റിസര്‍വ് ബാങ്കിന്റെ 2019’20 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2019 ഏപ്രില്‍മുതല്‍ 2020 മാര്‍ച്ചുവരെയുള്ള കാലയളവില്‍ 30,054 കള്ളനോട്ടുകളാണ് 500 രൂപയുടേതായി കണ്ടെത്തിയത്.
മുന്‍വര്‍ഷമിത് 21,865 എണ്ണമായിരുന്നു. അതേസമയം, 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 22.1 ശതമാനത്തിന്റെ കുറവുണ്ടായി. 21,847 എണ്ണത്തില്‍നിന്ന് 17,020 എണ്ണമായാണ് കുറഞ്ഞത്.
2019’20 കാലത്ത് ആകെ 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മുന്‍വര്‍ഷമിത് 3,17,384 എണ്ണമായിരുന്നു. പിടിച്ചെടുത്തതില്‍ കൂടുതല്‍ 100 രൂപാ നോട്ടുകളാണ്. 1,68,739 എണ്ണം.
കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്ത് 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 2000 രൂപ നോട്ടുകളുടെ എണ്ണം 2019 മാര്‍ച്ചിലെ 32,910 ലക്ഷത്തില്‍നിന്ന് 2020 മാര്‍ച്ച് ആകുമ്പോള്‍ 27,398 ലക്ഷം ആയി കുറഞ്ഞു. ഇതോടെ വിപണിയിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.58 ലക്ഷം കോടി രൂപയില്‍നിന്ന് 5.47 ലക്ഷം കോടിയായി ചുരുങ്ങി. വിപണി വിഹിതത്തില്‍ 2000 രൂപ നോട്ടുകളുടെ എണ്ണം മൂന്നു ശതമാനത്തില്‍നിന്ന് 2.4 ശതമാനമായി താഴ്ന്നിട്ടുണ്ട്.
500 രൂപ നോട്ടുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 2,15,176 ലക്ഷത്തില്‍നിന്ന് 2,94,475 ലക്ഷമായാണ് എണ്ണത്തിലെ വര്‍ധന. മൂല്യമാകട്ടെ 10.75 ലക്ഷം കോടിയില്‍നിന്ന് 14.72 ലക്ഷം കോടി രൂപയിലെത്തി. വിപണി വിഹിതം മുന്‍വര്‍ഷത്തെ 19.8 ശതമാനത്തില്‍നിന്ന് 25.4 ശതമാനമായി കൂടുകയും ചെയ്തു.
നോട്ട് അച്ചടിക്കായി 2019 ജൂലായ് ഒന്നുമുതല്‍ 2020 ജൂണ്‍ 30 വരെ 4377.84 കോടി രൂപയാണ് ചെലവായത്. മുന്‍വര്‍ഷമിത് 4810.67 കോടി രൂപയായിരുന്നു. മാര്‍ച്ച് അവസാനംവരെ വിപണിയിലുള്ള കറന്‍സികളുടെ എണ്ണം 11,59,768 ലക്ഷമാണ്. ആകെ മൂല്യം 24,20,975 കോടി രൂപയും.