ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്നും ഈ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊര്‍കാസ്റ്റിങ് സ്ഥാപനമായ ഓക്സ്ഫഡ് എക്കണോമിക്സ്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ആയിരിക്കുമെന്നും അതിനാല്‍ ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തിനുശേഷം ആര്‍ബിഐ നിരക്കുകള്‍ മാറ്റംവരുത്താതെ നിലനിര്‍ത്തിയേക്കുമെന്നും അവര്‍ വിലയിരുത്തുന്നു.
ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറില്‍ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തി. ഇന്ധനം ഒഴികെയുള്ളവയ്ക്കെല്ലാം വില ഉയരുകയാണ്. നാലാം പാദവര്‍ഷത്തില്‍ വിലക്കയറ്റം മൂര്‍ധന്യത്തില്‍ എത്തിയേക്കാം. എന്നാല്‍, വിലക്കയറ്റം തുടരുന്നതില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഓക്സ്ഫഡ് എക്കണോമിക്സ് പറയുന്നു.
വിലയേറിയ പച്ചക്കറികളും മുട്ടയുമാണ് ഒക്ടോബറില്‍ പണപ്പെരുപ്പം ആറര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.61 ശതമാനത്തില്‍ എത്തിച്ചത്. 2020 സെപ്റ്റംബറില്‍ 7.27 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്നാംണ് ഇന്ത്യയില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുന്നതടക്കം അവസാനിപ്പിച്ചേക്കാമെന്നും ഓക്സ്ഫഡ് എക്കണോമിക്സ് പറയുന്നു.