LATESTNATIONAL

ഇന്ദിരയ്ക്ക് പ്രിയപ്പെട്ട പ്രണബ്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോളിളക്കങ്ങള്‍ക്കിടയിലും തന്റേതായ വ്യക്തിത്വവും രാഷ്ട്രീയ ശുദ്ധിയും കാത്തുസൂക്ഷിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു പ്രണബ് മുഖര്‍ജി.
1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയ ശേഷം കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്നു. 1963 ല്‍ അദ്ദേഹം കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.
ബംഗാളിലെ മിഡ്‌നാപ്പുരില്‍ വി.കെ. കൃഷ്ണമേനോന്‍ 1969 ല്‍ സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ചിടത്തുനിന്നാണ് പ്രണബ് കുമാര്‍ മുഖര്‍ജി എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ പടവുകള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യന്‍ ്പ്രതിരോധമന്ത്രിയായി വരെ അവരോധിക്കപ്പെട്ട മനോന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിച്ച മിടുക്കനായ മുപ്പത്തിനാലുകാരനെ നോട്ടമിട്ട ഇന്ദിരാഗാന്ധി അയാളെ കൈപിടിച്ച് ഡല്‍ഹിയിലേക്കു കൂട്ടിക്കൊണ്ടു വരുകയായിരുന്നു. അക്കൊല്ലം ജൂലൈയില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്ര രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളില്‍ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.തികഞ്ഞ ഇന്ദിരാ സപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് ‘മാന്‍ ഓഫ് ഓള്‍ സീസണ്‍സ്’ എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ പ്രണബിന് കഴിഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവുമായിരുന്ന കമദകിങ്കര്‍ മുഖര്‍ജിയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പ്രണബ് വളര്‍ന്നു. ഡല്‍ഹി രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളില്‍ ഇന്ദിരയുടെ വിശ്വസ്തന്‍ എന്ന ലേബല്‍ പ്രണബിനെ കരുത്തനാക്കി.
വിശ്വസ്തനെ 73 ല്‍ ഇന്ദിര മന്ത്രിയുമാക്കി. രാജ്യത്തെ തന്റെ വിരല്‍ത്തുമ്പില്‍ വിറപ്പിച്ചു നിര്‍ത്താന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും വിശ്വസ്തനായി പ്രണബുണ്ടായിരുന്നു. (പില്‍ക്കാലത്ത് അതിന്റെ പേരില്‍ പഴി കേട്ടിട്ടുമുണ്ട് അദ്ദേഹം). ഇന്ദിര എന്ന മാര്‍ഗദര്‍ശിയുടെ സ്വാധീനം പ്രണബില്‍ പ്രകടമാണ്. അനുനയം വേണ്ടിടത്ത് അതും കടുംപിടുത്തം വേണ്ടിടത്ത് അതും മടിയില്ലാതെ പ്രണബ് പ്രയോഗിച്ചിരുന്നു.
84 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഉലഞ്ഞുപോയ കോണ്‍ഗ്രസ്, ആ സങ്കടത്തിനിടയിലും ആശങ്കപ്പെട്ടത് കരുത്തയായ രാജ്ഞിയുടെ സിംഹാസനത്തിലിരുന്ന് പാര്‍ട്ടിയെ ആരു നയിക്കുമെന്നാണ്. രാജീവായിരുന്നു പലരുടെയും മനസ്സില്‍. പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നതായി പാര്‍ട്ടിക്കകത്തും പുറത്തും അഭ്യൂഹങ്ങളുയര്‍ന്നു.
പാര്‍ട്ടിയിലെ സീനിയോറിറ്റിയും അതിനകം പേരെടുത്ത നേതൃപാടവവും പ്രണബിനെ ഒരു നല്ല കാന്‍ഡിഡേറ്റാക്കിയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഇന്ദിരയുടെ പിന്‍ഗാമിയായത് രാജീവാണ്. അവിടെത്തീര്‍ന്നില്ല നാടകീയത. അമ്മയുടെ (തന്റെയും) വിശ്വസ്തരുടെ പട്ടികയിലെ ആദ്യസ്ഥാനക്കാരനെ മന്ത്രിസംഘത്തില്‍നിന്നു രാജീവ് മാറ്റിനിര്‍ത്തി. ഭാര്യ സുവ്ര മുഖര്‍ജിക്കൊപ്പം വീട്ടിലിരുന്നാണ് പ്രണബ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കണ്ടത്. താന്‍ അധികാരം മോഹിച്ചിരുന്നുവെന്ന ആരോപണത്തെ പില്‍ക്കാലത്ത് പ്രണബ് തള്ളിക്കളഞ്ഞു. തന്നെയും രാജീവിനെയും തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി ചിലര്‍ പടച്ചുണ്ടാക്കിയ കെട്ടുകഥയാണതെന്ന് അദ്ദേഹം ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
രാജീവിന്റെ നീരസത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകന്ന പ്രണബ് ചെയ്തത് പുതിയ പാര്‍ട്ടിയുണ്ടാക്കുകയാണ്– രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. പക്ഷേ പച്ചപിടിക്കാനായില്ല. ഒടുവില്‍ 1989 ല്‍ കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങിയെത്തി. പാര്‍ട്ടി രൂപീകരണെ തെറ്റായ തീരുമാനമായിരുന്നെന്നു പിന്നീട് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. 1991 പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിക്കെ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായി പ്രണബ് മുഖര്‍ജിയെ നിയോഗിച്ചു.
2004 ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരം തിരിച്ചു പിടിച്ചപ്പോഴായിരുന്നു അടുത്ത നാടകീയത. സോണിയ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റി. താന്‍ ആ കസേരയിലേക്കില്ലെന്നു സോണിയ തീര്‍ത്തു പറഞ്ഞതോടെ പ്രണബിനു സാധ്യതയേറി. പക്ഷേ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാവട്ടെ എന്നായിരുന്നു സോണിയയുടെ തീരുമാനം. പ്രണബ് ആ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ പ്രണബ് മുഖര്‍ജിക്ക് എല്ലാ യോഗ്യതകളുമുണ്ടായിരിക്കെയാണു സോണിയ തന്നെ തിരഞ്ഞെടുത്തതെന്നു മന്‍മോഹന്‍ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. മന്‍മോഹന്‍ സര്‍ക്കാരില്‍ പ്രണബ് പ്രതിരോധ മന്ത്രിയും പിന്നീടു വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരിലും പ്രണബ് രണ്ടാമനായിരുന്നു.
സോണിയ ഗാന്ധി, ഹമീദ് കര്‍സായി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്കൊപ്പം പ്രണബ് മുഖര്‍ജി.
2012 ലാണ് അദ്ദേഹം രാഷ്ട്രപതിയായത്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രണ്ടാംവട്ടം പ്രണബ് രാഷ്ട്രപതിയാകാനുള്ള് സാധ്യതയടഞ്ഞു. 2018 ല്‍ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് പ്രണബ് മുഖര്‍ജി വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. കോണ്‍ഗ്രസില്‍നിന്നു കടുത്ത പ്രതിഷേധംതന്നെയുയര്‍ന്നു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പോലും അതൃപ്തിയറിയിച്ചു. എന്നിട്ടും പ്രണബ് നാഗ്പുരിലെത്തി. ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രന്‍’ എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറയാനും ചെയ്യാനും ഒട്ടും മടി കാണിച്ചിരുന്നില്ല പ്രണബ് മുഖര്‍ജി ഒരിക്കലും. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും.

Related Articles

Back to top button