ഷാര്‍ജ: ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന് റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു.
തകര്‍പ്പന്‍ റണ്‍ചേസ് കണ്ട മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്, രാഹുല്‍ തെവാതിയ എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. 18 സിക്സറുകളാണ് രാജസ്ഥാന് താരങ്ങള്‍ ഷാര്‍ജയില്‍ അടിച്ചുകൂട്ടിയത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റണ്‍സില്‍ ജോസ് ബട്ട്ലറെ (4) നഷ്ടമായി. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.
ജോസ് ബട്ട്ലറെ നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് സഞ്ജു കൂട്ടുകെട്ട് 81 റണ്‍സ് രാജസ്ഥാന് സ്കോറിലേക്ക് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 50 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സ്മിത്ത് പുറത്തായ ശേഷവും തകര്‍ത്തടിച്ച സഞ്ജു 42 പന്തുകള്‍ നേരിട്ട് ഏഴു സിക്സും നാലു ഫോറുമടക്കം 85 റണ്‍സെടുത്ത് 17ാം ഓവറിലാണ് പുറത്തായത്.
അതേസമയം സ്മിത്ത് പുറത്തായ ശേഷം ഇറങ്ങിയ രാഹുല്‍ തെവാതിയ ആദ്യം താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് കോട്രലിന്റെ 18ാം ഓവര്‍ മുതല്‍ യഥാര്‍ഥ രൂപം പുറത്തെടുത്തു. കോട്രലിന്റെ ഓവറിലെ അഞ്ചു സിക്സടിച്ച് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന തെവാതിയ ഒടുവില്‍ 31 പന്തില്‍ നിന്ന് ഏഴു സിക്സര്‍ സഹിതം 53 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നു പന്തില്‍ നിന്ന് രണ്ടു സിക്സ് സഹിതം 13 റണ്‍സെടുത്ത ആര്‍ച്ചറും രാജസ്ഥാന് വിജയം വേഗത്തിലാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്കോറിലെത്തിയത്.
45 പന്തില്‍ നിന്ന് സെഞ്ചുറി പിന്നിട്ട മായങ്ക് 50 പന്തുകളില്‍ നിന്ന് ഏഴു സിക്സും 10 ഫോറുമടക്കം 106 റണ്‍സെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 16.3 ഓവറില്‍ 183 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
രാജസ്ഥാന് ബൗളര്‍മാരെ തുടക്കം മുതല്‍ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും. രാജസ്ഥാനായി പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. കൂട്ടത്തില്‍ മായങ്ക് അഗര്‍വാളായിരുന്നു ഏറ്റവും അപകടകാരി.
54 പന്തില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 69 റണ്‍സെടുത്ത രാഹുല്‍ 18ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്വെല്ലും നിക്കോളാസ് പുരനും ചേര്‍ന്നാണ് പഞ്ചാബ് സ്കോര്‍ 223ല്‍ എത്തിച്ചത്.
ഗ്ലെന്‍ മാക്സ്വെല് ഒമ്പത് പന്തില്‍ നിന്ന് 13 റണ്‍സോടെയും നിക്കോളാസ് പുരന് അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.