SPORTSCRICKET

ഐപിഎല്‍; ചരിത്രനേട്ടം കുറിച്ച് ഡല്‍ഹി ആദ്യമായി ഫൈനലില്‍

അബുദാബി: ഐപിഎല്‍ 13ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിന് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഡല്‍ഹി ആദ്യ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ടിക്കറ്റ് ഉറപ്പിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍.
ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി 189 റണ്‍സ് നേടിയത്. 78 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഡല്‍ഹിയുടെ ബാറ്റിംഗ് വെടിക്കെട്ട്. 50 പന്തുകളില്‍ ആറ് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ശിഖര്‍ ധവാന്റെ മിന്നുന്ന പ്രകടനം.
ഓപ്പണറായി ഇറങ്ങി ഡല്‍ഹിക്ക് മികച്ച തുടക്കം (27 പന്തില്‍ നിന്ന് 38 റണ്‍സ്) നല്‍കുകയും മൂന്ന് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂ്ന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. 45 പന്തില്‍ 67 റണ്‍സെടുത്ത കെയിന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍. സണ്‍റൈസേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിലും നിര്‍ണായകമായത് കെയിന്‍ വില്യംസണിന്റെ പ്രകടനമായിരുന്നു. ഒന്നാം ക്വാളിഫയറില്‍ മുംബൈയോടെ തോറ്റതോടെയാണ് ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹിക്ക് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വന്നത്.

Related Articles

Back to top button