BREAKINGNATIONAL

കാന്‍സര്‍ രോഗിയായ ഭാര്യയുടെ മരണം; ഐപിഎസ് ഓഫീസര്‍ മനം നൊന്ത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ദിസ്പുര്‍: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആശുപത്രിയിലെ ഐസിയുവില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ഭാര്യയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഐപിഎസ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് 44 കാരനായ ഷിലാദിത്യ ചേതിയ തന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.
കാന്‍സര്‍ ബാധിതയായ ഭാര്യ അഗമോനി ബാര്‍ബറുവയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗമോനി ബാര്‍ബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇരുവരും രണ്ട് മാസത്തോളമായി ആശുപത്രിയില്‍ താമസിച്ച് വരികയായിരുന്നു എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹിതേഷ് ബറുവ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഗമോനി മരണപ്പെടുന്നത്.
ഭാര്യയുടെ ആരോഗ്യ നില വഷളാകുന്ന വിവരം ഷിലാദിത്യയെ മൂന്ന് ദിവസം മുന്‍പ് അറിയിച്ചിരുന്നുവെന്നും അന്ന് അദ്ദേഹം എല്ലാം നിശബ്ദനായി കേട്ടിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 4.30 നാണ് അറ്റന്‍ഡിംഗ് ഡോക്ടര്‍ ഷിലാദിത്യയെ ഭാര്യയുടെ മരണവിവരം അറിയിച്ചത്. ഡോക്ടറും നഴ്സും അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് അല്‍ പ്രാര്‍ത്ഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും ജീവനക്കാരും പുറത്തേക്കിറങ്ങി. ഏകദേശം 10 മിനിറ്റിനുശേഷം, മുറിയില്‍ നിന്ന് വെടിയുതിര്‍ത്ത ശബ്ദം കേട്ടു.
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഐപിഎസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നുവെന്ന് ഡോ. ഹിതേഷ് ബറുവ വ്യക്തമാക്കി. സംഭവത്തില്‍ അസം ഡിജിപി ജി പി സിംഗ് അനുശോചനം രേഖപ്പെടുത്തി. അസം കേഡറിലെ ഐപിഎസ് ഓഫീസറായ ശിലാദിത്യ ചേതിയ ഗോലാഘട്ട്, ടിന്‍സുകിയ, സോനിത്പൂര്‍ ജില്ലകളില്‍ മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അസം പൊലീസ് ബറ്റാലിയന്റെ കമാന്‍ഡന്റും കൂടിയായിരുന്നു ശിലാദിത്യ. 2013 മേയ് 13നാണ് ഷിലാദിത്യയും അഗമോനിയും വിവാഹിതരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button