കൗമാരപ്രായത്തില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്. തിങ്കളാഴ്ചയാണ് ഇറാ ഖാന് വിവാദമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഇറാ ഖാന് മനസു തുറന്നത്. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാന്‍ ഒരു വര്‍ഷമെടുത്തെന്നും അതിനു ശേഷം തന്റെ അച്ഛനായ ആമിറിനോടും അമ്മ റീനയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞെന്നും ഇറാ ഖാന് വ്യക്തമാക്കുന്നു.
‘എനിക്ക് 14 വയസുള്ളപ്പോള്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അല്പം വിചിത്രമായ സാഹചര്യമായിരുന്നു അത്. അവര്‍ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാന്‍ ഒരു വര്‍ഷമെടുത്തു’ ഇറാ ഖാന് പറഞ്ഞു.
ഞാന്‍ ഉടനെ തന്നെ എന്റെ മാതാപിതാക്കള്‍ക്ക് ഒരു ഇമെയില്‍ അയച്ചു. അങ്ങനെ ആ അവസ്ഥയില്‍ നിന്ന് പുറത്തു കടന്നു. അതില്‍ നിന്ന് പുറത്തു കടന്നതിനു ശേഷം എനിക്ക് ഇത് മോശമായി തോന്നിയില്ല. ഞാന്‍ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്നും അത് കഴിഞ്ഞതായും എനിക്ക് തോന്നി. ഞാന്‍ മുന്നോട്ട് പോയി’ ഇറാ പറഞ്ഞു.
ക്ലിനിക്കല്‍ ഡിപ്രഷനുമായുള്ള തന്റെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ഇറാ ഖാന് തുറന്നു സംസാരിച്ചത്. വീഡിയോയില്‍ തന്റെ ജീവിത്തിലെ മൂന്ന് പ്രധാനപ്പെട്ട, തന്നെ ബാധിച്ച ജീവിതാനുഭവങ്ങളെക്കുറിച്ച് ഇറാ സംസാരിച്ചു.
ലൈംഗിക ചൂഷണത്തിന് പുറമെ, 2002ല്‍ കുട്ടിയായിരുന്നപ്പോള്‍ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഇറാ പരാമര്‍ശിച്ചു. ആമിറിന്റെയും റീനയുടെയും വിവാഹമോചനം സൗഹാര്ദ്ദപരമായിരുന്നതിനാല് തനിക്ക് അതില്‍ ഒരിക്കലും ആഘാതമുണ്ടായില്ലെന്നും സ്റ്റാര്‍ കിഡ് പറഞ്ഞു.
‘കുടുംബം മുഴുവന്‍ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു തരത്തിലും തകര്‍ന്ന കുടുംബമല്ല. വിവാഹ മോചനത്തിനു ശേഷവും ജുനൈദിനും എനിക്കും നല്ല മാതാപിതാക്കളായിരിക്കുന്നതില്‍ എന്റെ മാതാപിതാക്കള്‍ വളരെ നല്ലവരായിരുന്നെന്നും ഇറാ ഖാന് പറയുന്നു. ‘ഓ, നിങ്ങളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു,’ എന്ന് ആളുകള്‍ പറയുമ്പോള്‍ ‘എന്തുകൊണ്ട്? ഇത് ഒരു മോശം കാര്യമല്ല.’ എന്നായിരിക്കും താന്‍ ചിന്തിക്കുകയെന്നും ഇറാ ഖാന് പറഞ്ഞു. തന്റെ മാതാപിതാക്കളുടെ വിവാഹമോചനം തന്നെ അലട്ടിയിട്ടില്ലെന്നും തനിക്ക് ഭയങ്കര ദു:ഖം തോന്നുന്നതിനുള്ള കാരണം അതല്ലെന്നും ഇറാ ഖാന് പറയുന്നു.
ആറാമത്തെ വയസ്സില്‍ ക്ഷയരോഗം ബാധിച്ചതിനെക്കുറിച്ചും ഇറാ ഖാന് സംസാരിച്ചു. തനിക്ക് ‘സാധാരണ ടിബി’ ആയിരുന്നെന്നും അതിനാല്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവെന്നും ഇറ പറഞ്ഞു. അസുഖം അവളുടെ മനസ്സിനെ ബാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവങ്ങളെല്ലാം ഓര്‍മിക്കുമ്പോള്‍ വിഷാദത്തിനുള്ള കാരണം ഇതൊന്നുമല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇറാ ഖാന് പറഞ്ഞു.
എനിക്ക് സ്കൂളില്‍ പോകാന്‍ ആഗ്രഹമില്ലായിരുന്നു. എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഞാന്‍ കരയുകയായിരുന്നു. എന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ഇത് പറയാന്‍ കഴിയില്ല കാരണം അവര്‍ എന്നോട് എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലൂടെയും ഞാന്‍ സംസാരിച്ചു. ഞാന്‍ ഒരു കാരണം കണ്ടെത്താന്‍ ശ്രമിച്ചു, എന്നാല്‍ വിഷാദത്തില്‍ ആയതിന് എനിക്ക് ഒരു കാരണവുമില്ലെന്നും ഇറാ ഖാന് പറഞ്ഞു.