Uncategorized

ഇരിങ്ങാലക്കുടയിലും പരിസരപ്രദേശത്തും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കി. ഇരിങ്ങാലക്കുട കേരള സോള്‍വന്റ് എക്സ്ട്രാക്ഷന്‍സ് (കെ.എസ്.ഇ) കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം മൂലം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികളുടെ വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണിത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും. ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കും. മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും. ഈ വഴി ദീര്‍ഘദൂര ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ബസുകള്‍ അവിടെ നിര്‍ത്താതെ പോവേണ്ടി വരും. മറ്റ് വാഹനങ്ങളെ അപ്പുറത്തേക്ക് കടത്തിവിടും. മറ്റ് സ്ഥലങ്ങളില്‍ വ്യാപനത്തിന്റെ തോത് കണക്കാക്കിയാവും കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോവുക. ജില്ലയില്‍ 40 തദ്ദേശ സ്ഥാപനങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിലുണ്ട്.

വടക്കാഞ്ചേരിയില്‍ മത്സ്യമാര്‍ക്കറ്റിലെ സഹായിക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിലും പട്ടാമ്പിയിലെ മത്സ്യമാര്‍ക്കറ്റിലും വ്യാപനം ഉണ്ടായപ്പോള്‍ അതിന്റെ പ്രതികരണം തൃശൂര്‍ ജില്ലയിലും ഉണ്ടായി. മത്സ്യ മൊത്ത, ചില്ലറ വില്‍പനക്കാര്‍ വഴി രോഗവ്യാപനം ഉണ്ടായി. ഇതേത്തുടര്‍ന്ന് തീരദേശ മേഖലയില്‍ വിളിച്ച സര്‍വകക്ഷിയോഗം ഹാര്‍ബറുകളില്‍ മത്സ്യലേലം നടത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. അശാസ്ത്രീയമായ രീതിയില്‍ മത്സ്യത്തിന്റെ വഴിയോര വില്‍പന ജില്ലയില്‍ പൂര്‍ണമായി അവസാനിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ മാര്‍ക്കറ്റില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുവരുന്ന മത്സ്യം വില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. എന്നാല്‍, പുറമേ നിന്ന് ജില്ലയിലേക്ക് കണ്ടെയിനറുകളില്‍ വരുന്ന മത്സ്യവില്‍പന തടയും. കൊടുങ്ങല്ലൂര്‍ ബൈപാസിലെ വന്‍തോതിലുള്ള വഴിയോര മത്സ്യവിതരണം അവസാനിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

സമ്പര്‍ക്ക വ്യാപനം കൂടുന്നത് വളരെ ഗൗരവതരമായ സാഹചര്യമാണെന്നും അത് കൈകാര്യം ചെയ്യുന്നതിനായി വേണ്ട തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയതായും മന്ത്രി പറഞ്ഞു. നിലവില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്, ഇ.എസ്.ഐ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, കൊരട്ടി ഫസ്റ്റ് ലൈന്‍ സെന്റര്‍, കില ഫസ്റ്റ് ലൈന്‍ സെന്റര്‍ എന്നിവയാണ് കൊവിഡ് ചികിത്സക്കായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വ്യാപനം അനുസരിച്ച് ഈ സൗകര്യം പര്യാപ്തമാണ്. എന്നാല്‍, രോഗവ്യാപനം തുടര്‍ന്നാല്‍ വിപുലമായ തയാറെടുപ്പുകള്‍ നടത്തേണ്ടി വരും. അതിന് ഇപ്പോള്‍ 30 കേന്ദ്രങ്ങളിലായി 6033 കിടക്കകള്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് ഒന്നാവുമ്പോഴേക്കും നാട്ടികയില്‍ 1200 കിടക്കകളുള്ള കേന്ദ്രം കൂടി പൂര്‍ണമായി സജ്ജമാവും.

അടിയന്തിരഘട്ടം വന്നാല്‍, ഏഴായിരത്തോളം പേരെ ചികിത്സിക്കാന്‍ കഴിയുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ചാലക്കുടിനാല്, ചാവക്കാട്മൂന്ന്, കൊടുങ്ങല്ലൂര്‍മൂന്ന്, കുന്നംകുളംഅഞ്ച്, തലപ്പിള്ളിമൂന്ന്, തൃശൂര്‍എട്ട്, മുകുന്ദപുരംനാല് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള സെന്ററുകള്‍. കൂടുതല്‍ കെട്ടിടങ്ങള്‍ ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് കണ്ടുവെച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, അടിസ്ഥാന സൗകര്യം, ശുചീകരണ സൗകര്യം ഇവ ഉണ്ടാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker