ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്ത്തകന് വി കെ ഷാജഹാന് ഏഴുവര്‍ഷം കഠിന തടവും 73,000 രൂപ പിഴയും. ഡല്‍ഹി എന്‍ഐഎ കോടതിയുടേതാണ് വിധി.പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ കൂടാലി സ്വദേശിയായ ഷാജഹാന് വെല്ലുവകണ്ടി 2016 മുതല്‍ ഐഎസ് പ്രവര്‍ത്തകനാണെന്നായിരുന്നു രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.
2017 ഫെബ്രുവരിയില്‍ സിറിയയില്‍ ഐഎസ് സംഘത്തില്‍ ചേരാന്‍ പുറപ്പെട്ട ഷാജഹാനെ തുര്‍ക്കി തലസ്ഥാനമായ ഈസ്താംബൂളില്‍വെച്ച് തുര്‍ക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ചെന്നൈയില്‍നിന്ന് വ്യാജ പാസ്പോര്ട്ടുണ്ടാക്കി ജൂലൈയില്‍ വീണ്ടും ഈസ്താംബൂളിലെത്തുകയും പൊലീസ് പിടികൂടി വീണ്ടും നാടുകടത്തുകയുമായിരുന്നു.
ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് അറസ്റ്റുചെയ്തു. 2017 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രാദേശികസൂത്രധാരനാണ് ഷാജഹാന്.
ആദ്യം ഷാജഹാനെ തുര്‍ക്കി പൊലീസ് പിടികൂടുമ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നിട് ഭാര്യയെ വീട്ടിലാക്കി കണ്ണൂരിലെ രണ്ടുപേരെക്കൂടി കൂട്ടി വീണ്ടും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. യുഎപിഎ, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചു ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.