ബാംബോലിം : സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ നിലവിലുള്ള റണ്ണേഴ്സ് അപ്പായ ചെന്നൈയിന് എഫ്.സിയെ ഏക ഗോളിന് ബെംഗളുരു പരാജയപ്പെടുത്തി.
ഐഎസ്എല്‍ ഏഴാം സീസണില്‍ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കു ശേഷം ബെംഗളുരുവിന്റെ ആദ്യ ജയം ആണിത്. ജയത്തോടെ ബെംഗളുരു നാലാം സ്ഥാനത്തേക്ക് മുന്നേറി. തോല്‍വിയോടെ ചെന്നൈയിന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വീറും വാശിയും പുറത്തെടുത്ത പരമ്പരാഗത എതിരാളികള്‍ തമ്മിലുള്ള പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍ രഹിതമായി . രണ്ടാം പകുതിയുടെ 56ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെ പെനാല്‍ട്ടി ഗോളിലൂടെയാണ് ബെംഗളുരു പരമ്പരാഗത എതിരാളികളെ മറികടന്നത്.
മൂന്നു മാറ്റങ്ങള്‍ നടത്തിയ ബെംഗളുരു സ്ഥിരം സാന്നിധ്യമായിരുന്ന ഉദാന്ത സിംഗിനെ പുറത്തിരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. മറുവശത്ത് ചെന്നൈയിന് ഒരു മാറ്റം മാത്രം നടത്തി. 14ാം മിനിറ്റില്‍ മലയാളിതാരം ആശിഖ് കുരുുണിയനുമായി കൂട്ടിയിടിച്ച് അനിരുദ്ധ് താപ്പയെ പരുക്കുമൂലം മാറ്റേണ്ടി വന്നത് ചെന്നൈയിനു തിരിച്ചടിയായി.
18ാം മിനിറ്റില്‍ ചെന്നൈയിന് സുവര്‍ണാവസരം തുലച്ചു. ബെംഗളുരുവിന്റെ ഗോള്‍ മുഖത്ത് ഇസ്മാഈല്‍ ഗോണ്‍കാല്‍വസ് (ഇസ്മ) ആദ്യം കിട്ടിയ അവസരം ഡ്രിബിളിനു ശ്രമിച്ചു തുലച്ചു. തുടര്‍ന്നു നല്കിയ പാസില്‍ റഫയേല്‍ ക്രിവെല്ലാറോയുടെ നിലം പറ്റെ വന്ന തകര്‍പ്പന്‍ ഷോട്് ബെംഗളുരുവിന്റെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു മനോഹരമായി രക്ഷപ്പെടുത്തി. 31ാം മിനിറ്റില്‍ ഫ്രീകിക്കായിട്ടാണ് ബെംഗളുരുവിന് ആദ്യ അവസരം ഒരുങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ള രാഹുല്‍ ബെക്കയുടെ ഹെഡ്ഡര്‍ ഇഞ്ച് വ്യത്യാസത്തില്‍ വഴിമാറിപ്പോയി.
രണ്ടാം പകുതിയില്‍ ബെംഗളുരു ഡെഷോണ്‍ ബ്രൗണിനെ പിന്‍വലിച്ചു ക്രിസ്റ്റ്യന്‍ ഒപ്സെത്തിിനെ കൊണ്ടുവന്നു. 53ാം മിനിറ്റില്‍ ഇടതുവിംഗിലൂടെ നത്തിയ നീക്കമായിരുന്നു പെനാല്‍ട്ടിയ്ക്കു വഴിയൊരുക്കിയത്. ബോക്സിനകത്തു വെച്ച് ക്ലെയ്റ്റണ്‍ സില്‍വയെ ചെന്നൈയിന്റെ പകരക്കാനായി വന്ന മധ്യനിരക്കാരന് എഡ്വിന് വാന്‍സ്പോള്‍ ഡൈവിങ് ടാക്ലിങ്ങില്‍ വെട്ടിവീഴ്ത്തി.തുടര്‍ന്നു ലഭിച്ച പെനാല്‍ട്ടി വളരെ അനായാസം ബെംഗളുരു ക്യാപ്റ്റന്‍ സുനില്‍ ഛെത്രി വലയിലാക്കി. ഐ.എസ്എല്ലില്‍ ലഭിച്ച പെനാല്‍ട്ടികള്‍ ഗോളാക്കി മാറ്റുന്നതിലെ തന്റെ 100 ശതമാനം റെക്കോര്‍ഡ് ഛെത്രിയും ബെംഗളുരുവിന്റെ സെറ്റ് പീസ് റെക്കോര്‍ഡുകളും ഇതോടെ മെച്ചപ്പെടുത്താനും കഴിഞ്ഞു.
ഗോള്‍ വന്നതോടെ ബെംഗളുരു ഉഷാറായി . 60ാം മിനിറ്റില്‍ 30 വാര അകലെ നിന്നും ഡിമാസ് ഡെല്‍ഗാഡോയുടെ ബൂട്ടില്‍ നിന്നുള്ള വെടിയുണ്ട പോലെ ചീറിപ്പാഞ്ഞുവന്ന പന്ത്ചെന്നൈയിന് ഗോളി വിശാല്‍ കെയ്ത് ഫുള്‍ലെങ്ത് ഡൈവില്‍ കഷ്ടിച്ചാണ് വിരലുകള്‍ കൊണ്ട് കുത്തിയകറ്റിയത് . 69ാം മിനിറ്റില്‍ ചെന്നൈയിനു സമനില ഗോള്‍ നേടാന്‍ കിട്ടിയ ചാന്‍സ് റഫ്റിയുടെ അശ്രദ്ധയമൂലം നഷ്ടമായി. ബോക്സിനകത്ത്് ക്രിവെല്ലാറോ ഗോള്‍ മുഖം ലക്ഷ്യമാക്കിയ പന്ത് ആഷിഖ് കുരുണിയന്റെ വിരലില്‍ തട്ടി കടന്നുപോയത് എന്നാല്‍ റഫ്റി പെനാല്‍ട്ടി അനുവദിക്കാതെ വെറുതെ വിട്ടു.
ചെന്നൈയിന്റെ അപകടകാരിയായ റഫയേല്‍ ക്രിവെല്ലാറോയെ വിടാതെ പിന്തുടര്‍ന്ന ബെംഗഌരുവിന്റെ മണിപ്പുരുകാരന്‍ സുരേഷ് വാങ്ചാം കളിയിലെ താരമായി. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തിലക് മൈതാനത്ത് എസ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും.