മര്‍ഗാവ് : അവസാന വിസിലിനു മിനിറ്റുകള്‍ ശേഷിക്കേ നേടിയ ഗോളില്‍ എഫ്.സി ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജാംഷെഡ്പൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി.
തുടര്‍ച്ചയായി കഴിഞ്ഞ ആറ് മത്സരങ്ങളില്‍ തോല്‍വിയറിയാതിരുന്ന ജാംഷെഡ്പൂരിനു ഇത് കനത്ത പ്രഹരമായി. ഈ ജയത്തോടെ ജാംഷെഡ്പൂരിനെ പിന്തള്ളി ഗോവ 11 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. കഴിഞ്ഞ മത്സരങ്ങളില്‍ ബഗാനോടും ചെന്നൈയിനോടും തോറ്റ ഗോവയയ്ക്ക്് ഈ ജയം തിരിച്ചുവരവിന്റെതായി.
ആദ്യ പകുതിയില്‍ നൈജീരിയന്‍ താരം സ്റ്റീഫന്‍ എസ്സെ നേടിയ ഗോളില്‍ ജാംഷെഡ്പൂര്‍ മുന്നിട്ടു നിന്നു. 64ാ മിനറ്റില്‍ ഇഗോര്‍ അന്‍ഗുലോയുടെ പെനാല്‍ട്ടി ഗോളിലാണ് ഗോവ സമനില കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ (95ാം മിനിറ്റില്‍) അന്‍ഗുലോ തന്നെ വിജയ ഗോളും നേടിക്കൊടുത്തു.
രണ്ടു ടീമുകളും സെറ്റ് പീസുകളിലൂടെയാണ് വലകുലുക്കിയതെന്നതാണ് സവിശേഷത. 32ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ജാംഷെഡ്പൂരിന്റെ ഗോള്‍. ഐതര്‍ മോണ്‍റോയ് എടുത്ത കിക്ക് ഗോള്‍ മുഖത്ത് നിന്ന സ്റ്റീഫന്‍ എസ്സെ വായുവിലുടര്ന്നു വലം കാല് കൊണ്ട് പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു (10). എസ്സെയിലൂടെ നേടിയ ഗോളില്‍ ജാംഷെഡ്പൂര്‍ ആദ്യ പകുതിയില്‍ പിടിച്ചു നിന്നു. ജാംഷെഡ്പൂരിന്റെ നെരിയൂസ് വാല്‍സ്കിസും ഗോവയുടെ ഇഗോര്‍ അന്ഗുലയും തമ്മിലുള്ള പോരാട്ടം ആകുമെന്നു കരുതിയ മത്സരം നൈജീരിയന്‍ താരം എസ്സെ തന്റെ കാലില്‍ കോരിയെടുത്തു.
ഒരു ഗോളിനു പിന്നിട്ടു നിന്ന ഗോവയെ 63ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി സമനില നേടിക്കൊടുത്തു. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും പന്തുമായി കുതിച്ച ജെയിംസ് ഡോണച്ചി ബോക്സിനു മുന്നില്‍ വെച്ചു ഇഗോര്‍ അന്ഗുലോയ്ക്കു നല്കിയ ശേഷം വീണ്ടു പന്ത് വാങ്ങി മുന്നോട്ട കുതിക്കുന്നതിനിടെ ഡോണച്ചിയെ അലക്സാണ്ടര്‍ ലിമ ഫൗള്‍ ചെയ്തു വീഴ്ത്തി. ഇതേ തുടര്‍ന്നു അനുവദിക്കപ്പെട്ട പെനാല്‍ട്ടി മുതലാക്കി ഇഗോര്‍ അന്‍ഗുലോ സമനില ഗോള്‍ നേടി (11).
സമനില ഗോള്‍ നേടിയതോടെ ഗോവ കളിയയിലേക്കു തിരിച്ചുവന്നു. . ജാംഷെഡ്പൂരിന്റെ നിര്‍ഭാഗ്യവും ഗോവയെ തുണച്ചു. 87ാം മിനിറ്റില്‍ അലക്സാണ്ടര്‍ ലിമയുടെ വെടിയുണ്ടപോലെ വന്ന ഷോ്ട്ട് ഗോവന്‍ ക്രോസ്ബാറില്‍ ഇടിച്ചു താഴെ ഗോള്‍ ലൈന്‍ കടന്നു പുറത്തേക്ക് റീ ബൗണ്ട് ചെയ്തു. പ്ന്ത് ഗോള്‍ ലൈന്‍ കടന്നുവെങ്കിലും ജാംഷെഡ്പൂരിനു വിജയ ഗോള്‍ നിഷേധിക്കപ്പെട്ടു.
ഈ നിരാശയില്‍ നിന്നും മോചിതരാകുന്നതിനു മുന്‍പ് തന്നെ ഗോവ അവസാന ആണിയടിച്ചു.
95ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മുതലാക്കിയാണ് ഗോവയുടെ വിജയ ഗോള്‍. സെറ്റ് പീസുകള്‍ മുതലാക്കുന്നതില്‍ വിദഗ്ധരായ ഗോവ ഇത്തവണയും അവസാന വിസിലിനു മുന്‍പ് കിട്ടിയ സെറ്റ് പീസ് മുതലാക്കി. എഡു ബേഡിയ എടുത്ത കോര്‍ണര്‍ ഇഗോര്‍ അന്‍ഗുലോ ഹെഡ്ഡറിലൂടെ വലയിലാക്കി (21). ഇരട്ടഗോളുകളോടെ ഇഗോര്‍ അന്‍ഗുലോ തന്റെ സമ്പാദ്യം എട്ടു ഗോളായി ഉയര്‍ത്തി. ഈസീസണിലെ ഗോള്‍ഡന്‍ ബൂട്ടിനു വേഗത കൂട്ടി .
ഗോവയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഷോര്‍ഷെ ഓര്‍ട്ടിസ് മെന്‍ഡോസയാണ് കളിയിലെ താരം . ക്രിസ്മസ് അവധിക്കു ശേഷം ശനിയാഴ്ച ഈസ്റ്റ് ബംഗാള്‍ ,ചെന്നൈയിന് എഫ്സിയെ നേരിടും.