FOOTBALLLATESTSPORTS

ഇസ്മയുടെ ഇരട്ടഗോളില്‍ ചെന്നൈയിന്‍ ഒഡീഷയെ തോല്‍പ്പിച്ചു

ബാംബോലിം: ഗിനിയന്‍ താരം ഇസ്മായേല്‍ ഗോണ്‍കാല്‍വസിന്റെ (ഇസ്മ) ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒഡീഷ എഫ്.സിയെ പരാജയപ്പെടുത്തി. ഒഡീഷയുടെ ഏക ഗോള്‍ സൂപ്പര്‍ സബ് ആയി വന്ന ബ്രസീല്‍ താരം ഡിയാഗോ മൗറീഷ്യോയും വലയിലാക്കി.
ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി 11 മ്ത്സരങ്ങളില്‍ നിന്നും 14 പോയിന്റോടെ എട്ടാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. മറുവശത്ത് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷയുടെ ഏഴാം തോല്‍വിയാണിത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ സ്വന്തമാക്കിയ ഒരു ജയം മാത്രമെ ഒഡീഷയ്ക്ക്് ഇതുവരെ എടുത്തു പറയാനുള്ള. ഏഴ് കളികളിലും ഒഡീഷ തോറ്റു. ഇരുടീമുകളും ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനില പങ്കിട്ടാണ് പിരിഞ്ഞത്.
15ാം മിനിറ്റില്‍ ചെന്നൈയിന്‍ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഓവര്‍ ഹെഡ് ലോങ് ബോള്‍ വരുമ്പോള്‍ തടയാന്‍ ഗൗരവ് ബോറ നടത്തിയ ശ്രമം എതിരാളികള്‍ക്കു നേട്ടത്തിനു വഴിയൊരുക്കി. ബോറയുടെ കാലില്‍ നി്ന്നും മിസ് പാസായി വന്ന പന്ത് സ്വന്തമാക്കി കുതിച്ച ഇസ്മായേല്‍ ഗോണ്‍കാല്‍വസ് നടത്തിയ കുതിപ്പ് തടയാന്‍ ഇടതും വലതും കമല്‍പ്രീതും ഗൗരവ് ബോറയും നടത്തിയ അവസാനവട്ട ശ്രമം വിഫലമായി. പന്ത് നന്നായി കാലില്‍ കോര്‍ത്ത് എടുത്ത ഇസ്മ ഗോളി അര്‍ഷദീപ് സിംഗിനെ നിസഹായനാക്കി പന്ത് വലയിലേക്ക് നിറയൊഴിച്ചു. (10).
ഗൗരവ് ബോറ വീണ്ടും സ്വന്തം ടീമിന്റെ വില്ലനായി. ഇത്തവണ പന്തുമായി ബോക്‌സില്‍ എത്തിയ അനിരുദ്ധ്് താപ്പയെ കമല്‍പ്രീതും ഗൗരവ് ബോറ യും തടയാന്‍ ശ്രമിച്ചു. ഇതില്‍ ഗൗരവ് ബോറ, അനിരുദ്ധ് താപ്പയെ അവസാന കൈ എന്ന നിലയില്‍ ഫൗള്‍ ചെയ്തു വീഴ്ത്തി. തുടര്‍ന്നു ലഭിച്ച പെനാല്‍ട്ടി ഇസ്മ വലയിലെത്തിച്ചു (20).
ടീം ലൈനപ്പില്‍ സില്‍വെസ്റ്ററിനെ ഒഴിവാക്കി ആദ്യമായി ഇസ്മയെ ആദ്യ ഇലവനിലേക്ക് ചെന്നൈയിന്‍ കോച്ച് സാബോ ലാസ്‌ലോ കൊണ്ടുവന്നു ്. ഈ നീക്കം ക്ലിക്ക് ചെയ്തു. മറുവശത്ത് ഒഡീഷയുടെ കോച്ച് സ്റ്റുവര്‍ട്ട് ബോക്‌സറ്ററിന്റെ ആദ്യ ടീം ലൈനപ്പ് ഫ്‌ളോപ്പായി. സൂപ്പര്‍ സ്റ്റാര്‍ ഡീഗോ മൗറീഷ്യോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തിയത് ഒഡീഷയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
ഈ സീസണില്‍ ഇതുവരെ ഫോമില്‍ എത്താത്ത മാഴ്‌സിലീഞ്ഞ്യോയെ മാറ്റി മൗറീഷ്യോയെയും ജെറിയ്ക്കു പകരം ഡാനിയേല്‍ ലാല്‍ഹിംപുയയെയും ഒഡീഷ രണ്ടാം പകുതിയില്‍ ആക്രമത്തിലേക്കു കൊണ്ടുവന്നു.
ടീമില്‍ തിരിച്ചെത്തിയ മൗറീഷ്യോ തന്റെ വരവിനു അടിവരയിട്ടുകൊണ്ട് 64ാം മിനിറ്റില്‍ ഗോള്‍ നേടി. കോള്‍ അലക്‌സാണ്ടറുടെ ഹെഡ്ഡര്‍ ബോക്‌സിനു വാരകള്‍ മുന്നില്‍ നിന്നും സ്വീകരിച്ച മൗറീഷ്യോ ഉയര്‍ത്തിവിട്ട പന്ത് കുത്തിയകറ്റാന്‍ ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്ത്ത് ഡൈവ് ചെയ്തുവെങ്കിലും വിഫലമായി. കൃത്യം നെറ്റിന്റെ വലത് മൂലയില്‍ പന്ത് പറന്നിറങ്ങി (12). 87ാം മിനിറ്റില്‍ ഡാനിയേലിന്റെ വക ഒഡീഷയുടെ സമനില ഗോള്‍ ശ്രമം വിശാല്‍ കെയ്ത് മനോഹര സേവിലൂടെ കുത്തിയകറ്റിയതോടെ ചെന്നൈയിന്‍ വിജയക്കൊടി നാട്ടി. ചെന്നൈയിന്റെ മിഡ് ഫീല്‍ഡര്‍ അനിരുദ്ധ് താപ്പ കളിയിലെ താരമായി.

Related Articles

Back to top button