LATESTFOOTBALLSPORTS

ഫോഴ്‌സ ഗോവ… സ്വന്തം തട്ടകത്തില്‍ എഫ്.സി ഗോവയ്ക്ക് ഗംഭീര ജയം

ഫത്തോര്‍ഡ : സ്വന്തം തട്ടകത്തില്‍ എഫ്.സി ഗോവയ്ക്ക് ഗംഭീര ജയം. ഐ.എസ്.എല്‍ റിട്ടേണ്‍ ലെഗ്ഗില്‍ എഫ്.സി. ഗോവ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജാംഷെഡ്പൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി.
ഗോവയ്ക്കു വേണ്ടി സ്പാനീഷ് അറ്റാക്കര്‍ ഷോര്‍ഷെ ഓര്‍ഗ ഓര്‍ട്ടിസ് മെന്‍ഡോസ (19, 52 മിനിറ്റില്‍), സ്പാനീഷ് ഡിഫെന്‍ഡര്‍ ഇവാന്‍ ഗാരിഡോ ഗൊണ്‍സാലെസ് (89 മിനിറ്റില്‍) എന്നിവരാണ് ഗോള്‍ നേടിയത്. ഈ ജയത്തോടെ ഗോവ 18 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കു മുന്നേറി.
ആദ്യ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എഫ്.സി.ഗോവ 21നു ജയിച്ചിരുന്നു. 01നു പിന്നില്‍ നിന്ന ശേഷം ഇഗോര്‍ അന്‍ഗുലോയുടെ ഇരട്ടഗോളുകളിലാണ് ഗോവ ജയിച്ചത്. എന്നാല്‍ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ ഇലവനില്‍ ഇഗോര്‍ അന്‍ഗുലോയ്ക്ക് ഇടം കിട്ടിയിരുന്നില്ല.
കഴിഞ്ഞ മുന്നു മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഗോവ എത്തിയതെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഏറ്റ തോല്‍വിയുടെ ക്ഷീണവുമായാണ് ജാംഷെഡ്പൂര്‍ ഇറങ്ങിയത്.
എഡു ബേഡിയയുടെ ഫ്രീ കിക്കില്‍ ഇവാന്‍ ഗോണ്‍സാലസിന്റെ ഹെഡ്ഡറിലൂടെ ഗോവ ആക്രമത്തിനു തുടക്കം കുറിച്ചു. മറുപടിയായി ഐറ്റര്‍ മൊണ്‍റോയിയുടെ ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ പീറ്റര് ഹാര്‍ട്ടിലിയുടെ ഹെഡ്ഡറും തൊട്ടു പിന്നാലെ ഐസക്ക് വാന്‍മാല്‍സാവയുടെ ബുള്ളറ്റ് ഷോട്ട് ഗോവന്‍ ഗോളി നവീന്‍ കുമാര്‍ ഡൈവ് ചെയ്തു കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
19ാം മിനിറ്റില്‍ ഗോവ ആദ്യ ഗോള്‍ നേടി. ആല്‍ബര്‍ട്ടോ നൊഗുവേര ഓര്‍ഗ ഓര്‍ട്ടിസ് കൂട്ടുകെട്ടാണ് ഗോളിനു പിന്നില്‍ . ഗോവ ഗോള്‍ നേടുമ്പോള്‍ ബോക്‌സിനകത്ത് ആറോളം ജാംഷെഡ്പൂര്‍ കളിക്കാര്‍ നിരന്നു നിന്നിരുന്നു. ഇതിനിടെയിലൂടെ ഡ്രിബിള്‍ ചെയ്തു ബോക്‌സിനകത്തു കയറിയ നൊഗുവേര നല്‍കിയ കട്ട്ബാക്ക് പാസ് ഓര്ഗ ഓര്‍ട്ടിസ് വലയിലാക്കി (10). . 25ാം മിനിറ്റില്‍ ജാംഷെ്ഡ്പൂരിന്റെ ഗോള്‍ മെഷീന്‍ നെരിയൂസ് വാല്‍സ്‌കിസിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം നവീന്‍ കുമാര്‍ മറ്റൊരുജ്ജ്വല സേവിലുടെ തടുത്തു.
രണ്ടാം പകുതി തുടങ്ങി അധികം വൈകുന്നതിനു മുന്‍പ് തന്നെ ഗോവ രണ്ടാം ഗോള്‍ നേടി. ഇത്തവണയും ഓര്‍ഗ ഓര്‍ട്ടിസിന്റെ വക. ഇത്തവണ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്ന് ഓര്‍ട്ടിസ് ക്രോസ് ബാറിലേക്കു അടിച്ചു കയറ്റി. റീബൗണ്ടില്‍ ഗോള്‍ ലൈന്‍ കടന്ന പന്ത് ഓര്‍ട്ടിസ് വീണ്ടും അടിച്ചു വലയിലാക്കി ഗോള്‍ ഉറപ്പാക്കി (20). ഈ ഗോളിനുശേഷം രണ്ടു ടീമുകളും കയ്യാങ്കളിയിലേക്കു നീങ്ങി. തുടര്‍ന്നു റഫ്‌റി ഓര്‍ട്ടിസും ജാംഷെഡ്പൂരിന്റെ അലക്‌സ് ലിമയും മഞ്ഞക്കാര്‍ഡ് കണ്ടു. ഓര്‍ട്ടിസിന്റെ ഹാട്രിക് ശ്രമങ്ങള്‍ തുടരെ വന്നു. പക്ഷേ ഇവയെല്ലാം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി ഇതോടെ 83ാം മിനിറ്റില്‍ ഓര്‍ട്ടിസ് പിന്മാറി. പകരം ഇഗോര്‍ അന്‍ഗുലോ എത്തി.
ജാംഷെഡ്പൂരിന്റെ ഗോള്‍ മടക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനിടെ വന്നു. എന്നാല്‍ ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ തടഞ്ഞു. സ്റ്റീഫന്‍ എസ്സെ, നെരിയൂസ് വാല്‍സ്‌കിസ, ജാക്കി ചാന്ദ് എന്നിവരുടെ ശ്രമങ്ങള്‍ ഒന്നിനു പുറകെ ഒന്നൊയി തടഞ്ഞു. 86 ാം മിനിറ്റില്‍ ജാഷെഡ്പൂരിന്റെ ഗോള്‍ കണ്ടെത്താനുള്ള ശ്രമം ജെയിംസ് ഡോണച്ചി ഗോള്‍ ലൈനില്‍ ഹെഡ്ഡ് ചെയ്തു അകറ്റി. തൊട്ടുപിന്നാലെ അലക്‌സാണ്ടര്‍ ലിമ , ഗോവയുടെ ജസുരാജിനെ ഫൗള്‍ ചെയ്തതിനു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതോടെ ജാംഷെഡ്പൂരിന്റെ ആശ്വാസ ഗോള്‍ പ്രതീക്ഷയും അവസാനിച്ചു.
ഇതോടെ ഗോവയുടെ ശക്തി ഇരട്ടിയായി വര്‍ധിച്ചു. 10 പേരുമായി കളിച്ച ജാംഷെഡ്പൂരിനെതിരെ ഗോവ 89ാം മിനിറ്റില്‍ മൂന്നാം ഗോളും അടിച്ചു. സ്പാനീഷ് സെന്റര്‍ ഡിഫെന്‍ഡര്‍ ഇവാന്‍ ഗോണ്‍സാലസ് ഒറ്റയ്ക്കു നടത്തിയ നീക്കം ഗോളില്‍ എത്തി. ഇവാന്‍ തുടങ്ങിയ നീക്കത്തിനു പിന്നാലെ നൊഗുവേരയ്ക്കുള്ള പാസും അടുത്ത കുതിപ്പില്‍ നൊഗുവേരയുടെ പാസ് വീണ്ടും സ്വീകരിച്ച ഇവാന്‍ പോസ്റ്റിന്റെ വലതു മൂലയിലേക്കു നിറയൊഴിച്ചു (30).
ഇതോടെ ഗോവ സീസണില്‍ അഞ്ചാമത്ത വിജയവും രണ്ടാമത്തെ ക്ലീന്‍ ഷീറ്റും ഇതോടെ രേഖപ്പെടുത്തി. ജാഷെഡ്പൂരിനെ ഗോള്‍ മടക്കാന്‍ സമ്മതിക്കാതിരുന്ന ഗോവന്‍ ഗോളി നവീന്‍ കുമാര്‍ കളിയിലെ താരമായി. ഒന്നാം നമ്പര്‍ ഗോളി മുഹമ്മദ് നവാസിന്റെ പകരക്കാരനായി വന്ന നവീന്‍ തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കി.
ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തു നില്‍ക്കുന്ന ഈസറ്റ് ബംഗാളിനെ നേരിടും. ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker