LATESTFOOTBALLSPORTS

എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു

മര്‍ഗാവ് : ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള മുംബൈ സിറ്റി എഫ്.സിയുടെ വിജയക്കുതിപ്പ് അവസാന ലാപ്പിലേക്ക്.
ലീഡ് ഉയര്‍ത്തുക എന്ന ലക്ഷ്യം മാത്രമായി ഇറങ്ങിയ മുംബൈ സിറ്റി 27ാം മിനിറ്റില്‍ സെനഗളീസ് സെന്റര്‍ ബാക്ക്് മുര്‍ത്താഡ ഫാളിന്റെ ഏക ഗോളിനു ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
ഇരുടീമുകളും ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 30നു ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മുംബൈ സിറ്റി 12 കളികളില്‍ നിന്നും 29 പോയിന്റ് സമ്പാദിച്ചു കഴിഞ്ഞു. മുംബൈയുടെ തുടര്‍ച്ചയായ ഒന്‍പതാം ജയം ആണിത്. എട്ടാമത്തെ ക്ലീന്‍ഷീറ്റും. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ഹൈദരാബാദിനേക്കള്‍ 12പോയിന്റ് ലീഡ് മുംബൈ സിറ്റി നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ എ.ടി.കെയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡും. ആകെ ഒരു മത്സരത്തില്‍ മാത്രമെ മുംബൈ തോറ്റിട്ടുള്ളു. . രണ്ട് കളികള്‍ സമനിലയില്‍ കലാശിച്ചു. 14 ഗോള്‍ അടിച്ചു .വഴങ്ങിയത് നാല് ഗോള്‍ മാത്രം.
സൂപ്പര്‍ സാറ്റര്‍ഡേയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. 21 നു ബെംഗളുരുവിനെ കീഴടക്കിയ ആവേശവുമായി വരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനു അവസാന നാലില്‍ ഇടം പിടിക്കണമെങ്കില്‍ ഇന്നു വമ്പന്മാരായ എഫ്.സി ഗോവയെ കീഴടക്കണം. ഇന്ന് ജയിച്ചാല്‍ 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്, അഞ്ചും ആറും സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് , ചെന്നൈയിന്‍ എഫ്.സി ടീമുകളോടൊപ്പമെത്താനാകും.
മര്‍ഗാവിലെ തിലക് മൈതാനത്ത് അരങ്ങേറിയ മുംബൈ എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ മുംബൈ സിറ്റി ് രണ്ടു സുവര്‍ണാവസരങ്ങള്‍ തുലച്ചു. 12ാം മിനിറ്റില്‍ റൗളിങ് ബോര്‍ഹസിന്റെ കാര്‍പ്പറ്റ് ഡ്രൈവ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിതിന്റെ പക്കല്‍ ഒതുങ്ങി. . രണ്ടു മിനിറ്റിനു ശേഷം സൈ ഗോദാര്‍ദിന്റെ അളന്നുകുറിച്ച ക്രോസ് സിക്‌സ് യാര്‍ഡിനകത്ത് വെച്ച് ഹ്യൂഗോ ബോമസ് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പറത്തി.
ഒന്നിനു പുറകെ ഒന്നൊന്നായി ചാന്‍സുകള്‍ തുലച്ച മുംബൈ 27ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സെറ്റ് പീസുകളില്‍ നിന്ന് ഏറ്റവും അധികം ഗോളുകള്‍ നേടിയ മുംബൈ വീണ്ടും ഒരവസരം പ്രയോജനപ്പെടുത്തി. കോര്‍ണര്‍ കിക്കെടുത്ത സൈ ഗോദാര്‍ദിന്റെ കാലില്‍ നിന്നും വന്ന പന്ത് മെഹ്താബ് സിംഗ് ഫഌക്ക് ചെയ്തു ബോര്‍ഹസിലേക്ക്. ബോക്‌സിനു മുന്നില്‍ നിന്ന ബോര്‍ഹസ് രണ്ടു ഈസ്റ്റ് ബംഗാള്‍ കളിക്കാരുടെ ഇടയില്‍ നിന്നും പന്ത് ചിപ്പ് ചെയ്തു ബോക്‌സിലേക്ക് നല്‍കി. മാര്‍ക്ക് ചെയ്യാതെ നിന്ന മുര്‍ത്താഡ ഫാള്‍ ഹെഡ്ഡറിലൂടെ വലയിലേക്കും തിരിച്ചുവിട്ടു (10). ുഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനത്തിലെ പിഴവാണ് മുംബൈയുടെ ഗോളിനു വഴിയൊരുക്കിയത്.
ഗോള്‍ നേടിയ മുര്‍ത്താഡ ഫാള്‍ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഡിഫെന്‍ഡര്‍ എന്ന തന്റെ റെക്കോര്‍ഡ് ഇതോടെ 11 ഗോളായി ഉയര്‍ത്തി.
ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ രണ്ടാം ഗോളിനരികിലെത്തി. ബിപിന്‍ സിംഗിന്റെ മനോഹരമായ ക്രോസില്‍ ക്ലോസ് റേഞ്ചില്‍ ആഡം ലെ ഫോന്ദ്രെയുടെ ഹെഡ്ഡര്‍ പുറത്തേക്കു പോയി.. ആദ്യപകുതിയില്‍ 55 ശതമാനം മുന്‍തൂക്കം ഈസ്റ്റ് ബംഗാളിനു ഉണ്ടായിരുന്നുവെങ്കിലും ആകെ ഒരു ഷോട്ട് മാത്രമെ കൊല്‍ക്കത്തക്കാര്‍ക്ക് ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കാനായുള്ളു. ജാക്ക് മഗോമ ഫോമിലേക്ക് ഉയരാതെ പോയത് ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ സാധ്യതയ്ക്കു വിലങ്ങ് തടിയായി. മുന്‍ നിരതാരം ഹര്‍മന്‍പ്രീത് സിംഗ് നിഴല്‍ മാത്രമായി. മാറ്റി സ്റ്റെയിന്‍മാന്‍, ആന്റണി പില്‍കിങ്റ്റണ്‍ , സുര്‍ചന്ദര്‍ സിംഗ് എന്നിവര്‍ക്കും തിളങ്ങാനായില്ല. സുര്‍ചന്ദര്‍ സിംഗിനു പകരം രണ്ടാം പകുതിയില്‍ മുഹമ്മദ് റഫീഖിനെയും സ്റ്റെയിനു പകരം ബ്രൈറ്റ് എനോബക്കാരെയും കൊണ്ടുവന്നു. പക്ഷേ സമനില ഗോള്‍ മോഹം നടന്നില്ല.
65ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ സമനില ഗോളിനു കിട്ടിയ മികച്ച അവസരം തുലച്ചു. ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്‌സ് കൊടുത്ത ഫഌക്ക് ഗോള്‍ മുഖത്ത് നിന്ന സ്‌കോട്ട് നെവില്‍, ഹര്‍മീന്ദര്‍, ബ്രൈറ്റ് എന്നിവര്‍ക്ക് കണക്ട് ചെയ്യാനായില്ല.
70ാംമിനിറ്റില്‍ മുംബൈ ലെ ഫോന്ദ്രെയ്ക്കു പകരം ബെര്‍ത്തലോമ്യോ ഓഗ്ബച്ചെയെ ഇറക്കി ആക്രമണം കൂടുതല്‍ ശക്തമാക്കി. അവസാന മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നു തവണ കൂടി അവസരം പാഴാക്കിയതോടെ മുംബൈ ജയം ഉറപ്പിച്ചു. അവസാന വിസില്‍ വരുമ്പോള്‍ 60ശതമാനം മുന്‍തൂക്കത്തോടൊപ്പം പാസുകളിലും ടച്ചുകളിലും മികവ് ഈസ്റ്റ് ബംഗാളിനു ഉണ്ടായിരുന്നുവെങ്കിലും ആദ്യ പകുതിയിലെ ഏക ഗോളില്‍ തൂങ്ങി മുംബൈ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker