FOOTBALLLATESTSPORTS

ഗംഭീര തിരിച്ചുവരവിലൂടെ ഹൈദരാബാദിനു സമനില

മര്‍ഗാവ് : രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം ഉശിരന്‍ തിരിച്ചുവരവിലൂടെ ഹൈദരാബാദ് സമനില സ്വന്തമാക്കി. ഹൈ വോള്‍ട്ടേജ് ത്രില്ലറില്‍ അവസാന അഞ്ച് മിനിറ്റിലാണ് ഹൈദരാാദിന്റെ രണ്ടു ഗോളുകളും. ഒന്‍പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയും 61ാം മിനിറ്റില്‍ മലയാളി താരം ലിയോണ്‍ അഗസ്റ്റിനും നേടിക്കൊടുത്ത ഗോളുകളുടെ ലീഡില്‍ വിജയം ഉറപ്പിച്ച നിലയില്‍ നിന്ന ബെംഗഌരുവിനെതിരെ 86ാം മിനിറ്റില്‍ അരിഡാനെ സന്റാനയും 90ാം മിനിറ്റില്‍ രണ്ടാംപകുതിയില്‍ പകരക്കാരായി വന്ന ഫ്രാന്‍ സാന്‍ഡാസയും നേടിയ ഗോളുകളാണ് ഹൈദരാബാദിനു സമനില നേടിക്കൊടു്ത്തത്. .
ഈ സീസണില്‍ പാടെ നിറംമങ്ങിപ്പോയ ബെംഗഌരുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചു നിന്ന ആരാധകര്‍ക്ക് നിരാശയും.
ഇരുടീമുകളും ആദ്യം ഏറ്റമുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു.
ബെംഗഌരു എഫ്.സിക്ക് തുടക്കവും ഒടുക്കവും കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല.ഏഴാം മിനിറ്റില്‍ കാലിനേറ്റ പരുക്കുമൂലം പ്രധാന താരം ജൂവാനനു പുറത്ത് പോകേണ്ടി വന്നു. പകരം പകരം പരാഗ് ശ്രീവാസ് എത്തി. തൊട്ടുപിന്നാലെ ബെംഗഌരു ഗോള്‍ നേടി. ക്ലെയ്റ്റണ്‍ സില്‍വ ഇടത്തെ വിംഗില്‍ നിന്നും എടുത്ത ഫ്രീ കിക്കില്‍ സുനില്‍ ഛെത്രി സിക്‌സ് യാര്‍ഡിനു പുറത്തു നിന്നും ഹെഡ്ഡറിലൂടെ ഗോളാക്കി (10). സെറ്റ് പീസില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ബെംഗഌരുവിന്റെ ഒന്‍പതാം ഗോള്‍.
ഗോള്‍ നേടിയതിനു ശേഷം ബെംഗഌരു പ്രതിരോധ നിര ശക്തമാക്കി. കളി കൈവശം വെക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിന്റെ ശ്രമങ്ങള്‍ തുടരെ വന്നു തുടങ്ങി. ഇതിനിടെ അരിഡാനെ സന്റാന പോസ്റ്റിനു അരികിലൂടെ പന്തടിച്ചു കളഞ്ഞതാണ് പ്രധാന നഷ്ടം.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹൈദരാബാദിനു സമനില ഗോള്‍ നേടാന്‍ രണ്ടാമത്തെ മികച്ച അവസരം ലഭിച്ചു. കൗണ്ടറില്‍ നിന്നും തുടങ്ങി. ലിസ്റ്റണ്‍ കൊളാസോ ബോക്‌സിനകത്തു കയറി നല്‍കിയ ലോബ് ഓടിയെത്തിയ ഹാളിചരണ്‍ നാര്‍സരി യും അലക്ഷ്യമായി പുറത്തേക്ക് അടിച്ചു തുലച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഹൈദരാബാദ് ബെംഗഌരുവിന്റെ പകുതിയിലേക്കു കളി മാറ്റി. ഇതിനിടെ ആശിഷ് റായിയുടെ മിസ് പാസില്‍ നിന്നും പന്തുമായി കുതിച്ചു കയറിയ ലിയോണ്‍ അഗസ്റ്റിന്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിക്കു യാതൊരു അവസരവും കൊടുക്കാതെ വലയിലാക്കി (20). ആക്രമിച്ചു കളിക്കുന്നതിനു പകരം സ്വന്തം പകുതിയില്‍ വീണ്ടും പ്രതിരോധത്തിനു ശ്രമിച്ച ബെംഗഌരുവിന്റെ തന്ത്രം പൊളിഞ്ഞു. അരിഡാനെ സന്റാനയുടെ തുടരെയുള്ള ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലപ്രാപ്തി നേടി. ഒഡെ ഓണ്‍ഇന്ത്യയുടെ പകരക്കാരാനായി വന്ന 18 വയസുകാരന്‍ രോഹിത ധനു ഭാഗ്യജാതകവുമായാണ് വന്നത് കളിക്കളത്തില്‍ ഇറങ്ങി ഒരു മിനിറ്റിനുള്ളില്‍ ധനു നല്‍കിയ പാരലല്‍ ബോളില്‍ അരിഡാന സന്റാന പന്ത് വലയിലാക്കി. (21).
ഇതോടെ ആവേശത്തിലായ ഹൈദരാബാദ് 90ാം മിനിറ്റില്‍ സമനില നേടി. ഇത്തവണ മറ്റൊരു പകരക്കാരന്‍ റോളണ്ട് അല്‍ബെര്‍ഗിന്റെ ക്രോസ് വരുമ്പോള്‍ ബെംഗഌര്‍ കളിക്കാര്‍ ഫ്രാന്‍ സാന്‍ഡാസ ഓഫ് സൈഡിലാണെന്നു കരുതി നിന്നു. കിട്ടിയ അവസരം മുതലാക്കി സാന്‍ഡാസ പകച്ചു നിന്ന ബെംഗ്ഌരു ഗോള്‍ കീ്പ്പറെ അനായാസം വീഴത്തി പന്ത് വലയിലാക്കി (22).
രണ്ടാം പകുതിയില്‍ അഞ്ച് പകരക്കാരെയും ഇറക്കി ഹൈദരാബാദ് നടത്തിയ പരീക്ഷണം ക്ലിക്കായി. ഹൈദരാബാദിന്റെ ആക്രമണങ്ങള്‍ക്കു മുന്നില്‍ എണ്ണയിട്ട യന്ത്രം പോലെ കളിച്ച അരിഡാനെ സന്റാന കളിയിലെ താരമായി. ഈ സമനിലയോടെ ഹൈദരാബാദ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു ഏഴാം സ്ഥാനത്തും.

Related Articles

Back to top button