LATESTFOOTBALLSPORTS

ആദ്യ പാദത്തിലെ തോല്‍വിക്ക് ബെംഗഌരു പകരം വീട്ടി

വാസ്‌കോ : ആദ്യപാദത്തില്‍ നേരിട്ട തോല്‍വിക്ക് പകരം വീട്ടി ബെംഗഌരു ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
എട്ടു കളികളില്‍ ജയം ഇല്ലാതെ പോയ മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം ജയം കണ്ടെത്തി. ബെംഗഌരുവിന്റെ ആക്രമണങ്ങള്‍ക്കു കരുത്താകുകയും ഒരു അസിസ്റ്റും നടത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയാണ് കളിയിലെ താരം.
ആദ്യപാദത്തില്‍ സ്റ്റെയിന്‍മാന്റെ ഏക ഗോളിന് ഈസ്റ്റ് ബംഗാള്‍ ജയിച്ചിരുന്നു. ഈ തോല്‍വിക്ക് ബെംഗഌരു ഇരട്ടിയായി പ്രതികാരം ചെയ്തു.
ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരും പോയിന്റ്പട്ടികയില്‍ മുന്നില്‍ തുടരുന്ന മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഇന്നും തോറ്റാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു മടക്കയാത്രയ്ക്ക് പെട്ടി കെട്ടി തുടങ്ങാം.
ചടുലമായ നീക്കങ്ങളിലൂടെ സമ്മര്‍ദ്ദം കൊണ്ടുവരാന്‍ ബെംഗഌരു നടത്തിയ നീക്കം വിജയകരമായി. കളി തുടങ്ങി 12ാം മിനിറ്റില്‍ ബെംഗഌരു ഗോള്‍ നേടി. ആകെ രണ്ടു ടച്ച് മാത്രം. ബെംഗഌരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് നീട്ടി അടിച്ചുകൊടുത്ത പന്തിനെ സുനില്‍ ഛെത്രിയുടെ വക ഹെഡ്ഡറിലൂടെ ക്ലെയ്റ്റണിലേക്ക് . പന്ത് കിട്ടിയ ക്ലെയ്റ്റണ്‍ സില്‍വ പന്ത് നേരെ വലയിലേക്ക് വോളിയായി കോരിയിട്ടു (10).
ഓന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബെംഗളുരു 45ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. മലയാളി താരം ലിയോണ്‍ അഗസ്റ്റിനു പകരക്കാരനായി 40ാം മിനിറ്റില്‍ വന്ന പരാഗ് ശ്രീവാസനാണ് ഈ ഗോളിനു വഴിയൊരുക്കിയത്.
രാഹുല്‍ ബെക്കെ കോര്‍ണര്‍ ഫഌഗിനരികിലൂടെ നീങ്ങിയ ശേഷം നീട്ടിക്കൊടുത്ത മൈനസ് പാസ് പരാഗ് ഗോള്‍ മുഖത്തേക്കു നീട്ടിയടിച്ചു.. പോസ്റ്റില്‍ ഇടിച്ചു പുറത്തേക്കു പോയ പന്ത് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിന്റെ കാലില്‍ തട്ടി വലയിലേക്കു നീങ്ങി (20)
പരാഗ് ഗോള്‍ വലകുലുക്കിയെങ്കിലും ഗോളിന്റെ ക്രെഡിറ്റ് ഓണ്‍ ഗോള്‍ അക്കൗണ്ടില്‍ മജുംദാറിലേക്കു വന്നു. 14 കളികളില്‍ നിന്നും 49 സേവുകള്‍ നടത്തിയ മജുംദാര്‍ ഒടുവില്‍ ടീമിന്റെ വില്ലന് വേഷവും അണിയേണ്ടി വന്നു.
രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കോച്ച് റോബി ഫൗളര്‍ കളിക്കാരെ അഴിച്ചു പണിതു. മഗോമ, സ്‌റ്റെയിന്‍മാന്‍, പില്‍കിങ്റ്റണ്‍, യുമാം സിംഗ് , റാണ ഗരാമി എന്നിവരെ 70 മിനിറ്റിനു മുന്‍പ്് തന്നെ പകരക്കാരായി ഇറക്കി നോക്കിയെങ്കിലും ഗോള്‍ മടക്കാന്‍ ഈസ്റ്റ് ബംഗാളിനു കഴിഞ്ഞില്ല.. മറുവശത്ത് വിന്നിംഗ് കോംബനീഷനില്‍ മാറ്റം വരുത്താന്‍ ബെംഗഌരുവിന്റെ ഇടക്കാല കോച്ച് നൗഷാദ് മൂസ തയ്യാറായില്ല. 89ാം മിനിറ്റില്‍ ഏറെ നാളുകള്‍ക്കു ശേഷം ടീമിലെത്തിയ സിസ്‌കോ ഹെര്‍ണാണ്ടസിനു ക്ലെയ്റ്റനു പകരം അവസരം നല്‍കിയത് മാത്രമാണ് രണ്ടാം പകുതിയിലെ ബെംഗഌരുവിന്റെ ഏക മാറ്റം.
ഈ മത്സരം പൂര്‍ത്തിയായതോടെ , കളി തുടങ്ങുന്നതിനു മുന്‍പ് എട്ടാം സ്ഥാനത്തു നിന്ന ബെംഗഌരു ജയത്തോടെ 18 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വീണ്ടും വന്നെത്തിയ തോല്‍വിയോടെ ഈസ്്റ്റ് ബംഗാള്‍ നിലവിലെ 10ാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
ക്ലെയ്റ്റണ്‍ സില്‍വ, സുനില്‍ ഛചെത്രി കൂട്ടുകെട്ട് ക്ലിക്കായത് ബെംഗഌരുവിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉദാന്ത സിംഗ് ഇനിയും ഫോമില്‍ എത്താത്തതാണ് ബെംഗഌരുവിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സിസ്‌കോ വന്നതോടെ ഇതിനു പരിഹാരമായിട്ടുണ്ട്.
കഴിഞ്ഞ 11 മത്സരങ്ങളിലായി ക്ലീന്‍ ഷീറ്റ് ഇല്ലാതെ മങ്ങിയ ഫോമില്‍ കളിക്കേണ്ടി വന്ന മുന്‍ ചാമ്പ്യന്മാര്‍ക്ക് ഈ വിജയം ആത്മവിശ്വാസം ഇരട്ടിയാക്കും. . ഇനി പോയിന്റ് പട്ടികയിലെ നിലവിലെ ആദ്യ സ്ഥാനക്കാര്‍ക്ക് ബെംഗഌരുവിനെ ഭയപ്പെടേണ്ടി വരും. 22 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി നില്‍ക്കുന്ന ഹൈദരാബാദിനും 21 പോയിന്റ് വീതമായി നാലും അഞ്ചും സ്ഥാനക്കാരയ എഫ്.സി ഗോവയ്ക്കും നോര്‍ത്ത് ഈസ്റ്റിനും ഇനി അടുത്ത മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ പിടിച്ചു നില്‍ക്കാന്‍ നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടിവരും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker